ആശങ്കവേണ്ടെന്ന് ഡി.എം.ഒ
കുളത്തൂപ്പുഴ വില്ലുമല കോളനിയില്‍ യുവാവിന് കരിമ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കൊല്ലം ജില്ലയില്‍ പ്രതിരോധ നടപടികള്‍ ഊജ്ജിതമാക്കി. മണലീച്ചയിലൂടെയാണ് കരിമ്പനിയുടെ രോഗാണു പകരുന്നത്.
രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളിയുടെ നേതൃത്വത്തില്‍ ജില്ലാ സര്‍വെലന്‍സ് ഓഫീസറും വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റും മലേറിയ യൂണിറ്റും അടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തുകയും രോഗ നിയന്ത്രണത്തിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തു.
ഇന്ന് മുതല്‍ (ജൂണ്‍ 7) അഞ്ച് ദിവസത്തേക്ക് മണിലീച്ച നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുളത്തൂപ്പുഴ മേഖലയില്‍ സ്‌പ്രേയിംഗും ഫോഗിംഗും നടത്തും. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജിലേയും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രതേ്യക മെഡിക്കല്‍ ക്യാമ്പുകളും ബോധവത്ക്കര പരിപാടികളും സംഘടിപ്പിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതേ്യക പരിശോധനകള്‍ നടത്തുകയും ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്യും.
മൃഗസംരക്ഷണ വകുപ്പിന്റെയും വനം വകുപ്പിന്റെയും സഹായത്തോടെ ഈ മേഖലയിലെ മൃഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്.
മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മണലീച്ച പരത്തുന്ന രോഗം മനുഷ്യരുടെ ത്വക്കിലും, ത്വക്കും ശ്ലേഷ്മ പടലം ചേരുന്ന ഭാഗത്തും ആന്തരിക അവയവങ്ങളെയും ബാധിക്കാം. ത്വക്കില്‍ ചെറിയ കുരുക്കള്‍ ഉണ്ടാവുകയും പിന്നീട് ഇവ അരിമ്പാറയെക്കാള്‍ വലുതാവുകയും ചെയ്യും. മണലീച്ച കടിച്ച് 10 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സമയത്ത് രോഗലക്ഷണങ്ങള്‍ പ്രകടമാകാം. ക്ഷീണം, പനി, വിളര്‍ച്ച, ശ്വാസംമുട്ടല്‍, കരളിലും, പ്ലീഹയിലും വീക്കം എന്നിവ സംഭവിക്കാം. ആന്തരിക അവയവങ്ങളെ ബാധിക്കുന്ന അവസ്ഥയ്ക്കാണ് കരിമ്പനി എന്നുപറയുന്നത്. ഗുരുതമാകുന്നതിന് മുമ്പ് രോഗം കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാനാകും.
മണലീച്ചകളെ നശിപ്പിക്കുകയും ഇവ വളരുന്ന സാഹചര്യം ഇല്ലാതാക്കുകയും ചെയ്യുന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗ്ഗം.