കൊച്ചി: ഇടതു കൈയിലൊരു കുപ്പി. വലതു കൈയില്‍ കുറേ പ്ലാസ്റ്റിക്ക് ബട്ടണുകളും. ഓരോ ബട്ടണുകളായി കുപ്പിയിലേക്ക് നിറയ്ക്കുകയാണ് മനോജ്. അതീവ ശ്രദ്ധയോടെ. ഒന്നുപോലും താഴെ വീഴാതെ. അഞ്ചു മിനിറ്റുകൊണ്ട് മുഴുവന്‍ നിറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. അത് പിന്നീട് കൈകൊട്ടിയുള്ള തുള്ളിച്ചാടലായി. ആര്‍പ്പുവിളിച്ച്കുപ്പി പൊക്കി അവന്‍ ഉറക്കേ വിളിച്ചു  ” തീച്ചറേ……’
അവന്റ വിളി കേട്ട് ഓടിയെത്തിയ ടിന്‍സി ടീച്ചറുടെ കൈയില്‍ നിന്നും ‘ ഗുഡ് ബോയ് ‘ എന്ന അംഗീകാരം കിട്ടിയപ്പോള്‍ ലോകം കീഴടക്കിയ അഭിമാനത്തോടെ അവന്‍ സീറ്റിലേക്കിരുന്നു.
ഭിന്നശേഷിക്കാര്‍ക്കു വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ സര്‍ക്കാര്‍ ആരംഭിച്ച ബഡ്‌സ് സ്‌കൂളുകളില്‍ നെടുമ്പാശ്ശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മനോജ്. ഭിന്നശേഷിയുള്ള ഇരുപത്തഞ്ചോളം വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്. മനോജിന് മുപ്പതു വയസുണ്ട്. ഇവനു മാത്രമല്ല. മുപ്പത്തഞ്ചും നാല്‍പതും വയസുള്ള വിദ്യാര്‍ത്ഥികളാണ് മറ്റുള്ളവര്‍. ടീച്ചറേക്കാള്‍ പ്രായം കൂടിയ വിദ്യാര്‍ത്ഥികള്‍.
ഇവിടെ പ്രവേശനത്തിന് പ്രായപരിധിയില്ലെന്നതാണ് സര്‍ക്കാര്‍ ബഡ്‌സ് സ്‌കൂളുകളുടെ പ്രത്യേകത. ഡൊണേഷനും ഫീസും ഇല്ല. വാഹന സൗകര്യം ഭക്ഷണം ഉള്‍പ്പെടെ കുട്ടികളുടെ മുഴുവന്‍ ഉത്തരവാദിത്തവും സുരക്ഷിതമായി ഏറ്റെടുക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ ഫീസും പ്രായപരിധിയും നിര്‍ണയിച്ച് കുട്ടികളെ തെരഞ്ഞെടുക്കുമ്പോഴാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലെ ബഡ്‌സ് സ്‌കൂളുകള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്രയമാകുകയാണ്.
പല കുട്ടികള്‍ക്കുമുള്ള കുറവുകള്‍ പല രീതിയിലാണ്. അതിനാല്‍ ഓരോ കുട്ടിയെയും പ്രത്യേകം നിരീക്ഷിച്ചാണ് പഠന രീതി. ഇതിനായി  പ്രത്യേകം പരിശീലനം നേടിയ ടീച്ചര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. കിടപ്പിലായ കുട്ടികളെ വരെ ഏറ്റെടുക്കാനും സംരക്ഷിക്കാനും ടീച്ചര്‍മാര്‍ തയാറാണ്. സ്‌കൂളില്‍ തന്നെ ഭക്ഷണം പാകം ചെയ്ത് കുട്ടികള്‍ക്ക് നല്‍കും. രാവിലെ പത്തുമുതല്‍ വൈകിട്ടു മൂന്നു വരെയാണ് പ്രവര്‍ത്തന സമയം. അതിരാവിലെ സ്‌കൂള്‍ വാനുമായി ടീച്ചര്‍ ഉള്‍പ്പെട്ട സംഘം ഓരോ കുട്ടിയുടെയും വീട്ടിലെത്തും. അവിടെ മുതല്‍ കുട്ടിയുടെ സംരക്ഷണം ടീച്ചര്‍ക്കാണ്. വൈകീട്ട് മൂന്നിന് ക്ലാസു കഴിഞ്ഞ് അഞ്ചു മണിക്കുള്ളില്‍ ഇവരെ തിരിച്ചെത്തിക്കുകയാണ് ചെയ്യുന്നത്.
ഭിന്നശേഷിക്കാര്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകരുതെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇവരുടെ മാനസികവും ശാരീരികവുമായ ഉന്നമനവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. നെടുമ്പാശ്ശേരി പഞ്ചായത്തില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത്. വെറും പരിശീലനത്തിനപ്പുറം കഴിവുള്ളവരെ സ്വയം തൊഴിലിനു കൂടി പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ പറഞ്ഞു. ഇതിനായി പല സംഘടനകളുമായും ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. കരകൗശല വസ്തുക്കളുടെ നിര്‍മാണംപോലുള്ള പദ്ധതികളാണ് ഉദ്ദേശിക്കുന്നത്. സ്‌കൂളിന്റെ പ്രവര്‍ത്തനം പുരോഗിക്കുക വഴി കുട്ടികളുടെ മികവും കണക്കിലെടുത്ത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്നും മിനി എല്‍ദോ പറഞ്ഞു.
പല അധ്യാപകരും ഏറെ ആത്മാര്‍ത്ഥതയോടെയാണ് ഇതിനൊപ്പം ഉള്ളതെന്ന് എം.ആര്‍ ല്‍ ( മെന്റല്‍ റിട്ടാര്‍ ഡേഷന്‍) ബി എഡ് നേടിയ അധ്യാപിക ടിന്‍സി പറയുന്നു. എല്ലാ ടീച്ചര്‍മാരും ചേര്‍ന്ന് വാട്ട്‌സ് അപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. വിശേഷങ്ങളും അനുഭവങ്ങളും അപ്പപ്പോള്‍ പങ്കു വയ്ക്കുന്നു. തന്നേക്കാള്‍ പ്രായം കൂടിയവര്‍ ആണെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കെല്ലാവര്‍ക്കും കുഞ്ഞുങ്ങളുടെ മനസും സ്വഭാവവുമാണ്. അതു കൊണ്ട് പ്രായ വ്യത്യാസം അനുഭവപ്പെടുന്നില്ല. നെടുമ്പാശേരി പഞ്ചായത്തിലെ കുട്ടികള്‍ക്കാണ് ഇവിടെ പ്രവേശനം. എന്നാല്‍ അടുത്ത പഞ്ചായത്തായ ചെങ്ങമനാട് സ്‌കൂള്‍ ഇല്ലാത്തതിനാല്‍ അവിടത്തെ കുട്ടികളെയും ഇവിടെ സംരക്ഷിക്കുന്നുണ്ട്. ബാംഗ്ലൂരില്‍ സ്‌കൂളില്‍ അധ്യാപികയായിരുന്ന ടിന്‍സി ബഡ്‌സ് സ്‌ക്കൂളിലേക്ക് അപേക്ഷ നല്‍കുകയായിരുന്നു.
ജില്ലയില്‍ എഴുനൂറിനടുത്ത് വിദ്യാര്‍ത്ഥികളാണ് ബഡ്‌സ് സ്‌ക്കൂളുകളില്‍ പഠിക്കുന്നത്. മുപ്പതിനടുത്ത് ബഡ്‌സ് സ്‌ക്കുളുകള്‍ ജില്ലയിലാകമാനം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു. 2004 ലാണ് സംസ്ഥാനത്തെ ആദ്യ ബഡ്‌സ് സ്‌ക്കൂള്‍ വെങ്ങാനൂരില്‍ സ്ഥാപിതമായത്. പിന്നീട് ഇത് കുടുംബശ്രീ ഏറ്റെടുത്തു. തദ്ദേശ വകുപ്പു മന്ത്രി കെ.ടി. ജലീലിന്റ പിന്തുണയോടെ കൂടുതല്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തനം. ഇന്ന് സംസ്ഥാനത്ത് ആയിരത്തിലധികം ബഡ്‌സ് സ്‌കൂളുകളാണ് വിജയകരമായി പ്രവര്‍ത്തിക്കുന്നത്.