ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ സൗരോര്‍ജ്ജ വൈദ്യുതോത്പദാന കേന്ദ്രം ജി.എസ്. ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സോളാര്‍ വൈദ്യുതി യൂണിറ്റ് സ്ഥാപിക്കുകവഴി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വേറിട്ട മാതൃകയാണ് നാടിനു നല്‍കുന്നതെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞു. സോളാര്‍ പാനലുകള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന സബ്‌സിഡി പരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു.
അനെര്‍ട്ടിന്റെ സാങ്കേതിക സഹായത്തോടെ ദിവസേന 40 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സോളാര്‍ പാനലുകളാണ് ബ്ലോക്ക് ഓഫീസില്‍ സജ്ജമാക്കിയത്.  20 യൂണിറ്റിലധികം വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കാനും പഞ്ചായത്തിന് സാധിക്കും. ഇതിനായി എട്ടര ലക്ഷത്തോളം രൂപ ചെലവഴിച്ചു.
ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര സ്‌കൂട്ടറുകളുടെ വിതരണം ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. പ്രേമചന്ദ്രന്‍ ആശാനും അങ്കണവാടികളിലെ റഫറന്‍സ് ലൈബ്രറികള്‍ക്കുവേണ്ട പുസ്തകങ്ങളുടെയും അലമാരകളുടെയും വിതരണം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മായാ സുരേഷും നിര്‍വഹിച്ചു. ഭിന്നശേഷിക്കാരായ 23 പേര്‍ക്കാണ് സൈഡ് വീലോടു കൂടിയ സ്‌കൂട്ടറുകള്‍ നല്‍കിയത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സുന്ദരേശന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി  ചെയര്‍പേഴ്‌സണ്‍മാരായ എസ്. ലൈല, വിജയശ്രീ സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡി. ഗിരികുമാര്‍, പ്രഫ. വി.എസ്. ലീ, ആശാദേവി, സിന്ധു അനി, ശ്രീജ ഹരീഷ്, ജോണ്‍ മാത്യു, മൈലക്കാട് സുനില്‍, ബി.ഡി.ഒ പി.കെ. ശരത്ചന്ദ്രകുറുപ്പ്, ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍ ജിഷിത തുടങിയവര്‍ പങ്കെടുത്തു.