സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് ജില്ലയില്‍ ഇതുവരെ റിസ്‌ക് ഫണ്ട് -ചികിത്സാ ധനസഹായമായി 561 പേര്‍ക്ക് 4,32,54,884 രൂപ വിതരണം ചെയ്തു. ഇന്നലെ മാത്രം 292 പേര്‍ക്ക് 2,47,15,858 രൂപ വിതരണം ചെയ്തു. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ നിന്നു വായ്പ എടുത്തവരില്‍ 81 പേര്‍ക്ക്  9379643 രൂപ റിസ്‌ക് ഫണ്ട് -ചികിത്സാ ധനസഹായം നല്‍കി. വിവിധ സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് റിസ്‌ക് ഫണ്ട് -ചികിത്സാ ധനസഹായം വിതരണം ചെയ്തത് താലൂക്ക് അടിസ്ഥാനത്തില്‍- കോഴഞ്ചേരി, 57 പേര്‍ക്ക്, 3792742 രൂപ. റാന്നി, 53 പേര്‍ക്ക്, 4527271 രൂപ. അടൂര്‍, 52 പേര്‍ക്ക്, 3907972 രൂപ. തിരുവല്ല, 33 പേര്‍ക്ക്, 2117580 രൂപ. മല്ലപ്പള്ളി, 16 പേര്‍ക്ക്, 990650 രൂപ. 2016 സെപ്റ്റംബറിനു ശേഷം ജില്ലയില്‍ 269 അപേക്ഷകര്‍ക്ക് 1,85,39,026 രൂപ നേരത്തെ നല്‍കിയിരുന്നു. ഇതുള്‍പ്പെടെയാണ് 561 പേര്‍ക്ക് 4.32 കോടി രൂപ വിതരണം ചെയ്തിട്ടുള്ളത്.
വായ്പയെടുക്കുന്ന സമയം വായ്പക്കാരില്‍ നിന്ന് ഒറ്റത്തവണ ഈടാക്കുന്ന റിസ്‌ക് ഫണ്ട്  വിഹിതം കുറഞ്ഞത് 100 ഉം കൂടിയത് 525 ഉം രൂപയാണ്. ഇതുപ്രകാരം റിസ്‌ക് ഫണ്ട് പദ്ധതിയില്‍ പണമടച്ച വായ്പക്കാര്‍ മരണപ്പെട്ടാല്‍ ബൈലോ വ്യവസ്ഥകള്‍ പ്രകാരം അര്‍ഹരായവരുടെ വായ്പ കടബാധ്യതയിലേക്ക് പരമാവധി 1,50,000 രൂപയും പലിശയും കടാശ്വാസമായി നല്‍കുന്നുണ്ട്.  വായ്പക്കാരന് മാരകരോഗം ബാധിച്ചാല്‍ വായ്പാ ബാധ്യതയിലേക്ക് ബൈലോ വ്യവസ്ഥകള്‍ക്ക് വിധേയമായി അര്‍ഹരായവര്‍ക്ക് പരമാവധി 75,000 രൂപ ധനസഹായമായി നല്‍കുന്നുണ്ട്. 2016 സെപ്റ്റംബറില്‍ പുതിയ ബോര്‍ഡ് നിലവില്‍ വന്ന ശേഷം 2018 ഏപ്രില്‍ വരെ 14,263 അപേക്ഷകര്‍ക്ക് 111,21,43,355 രൂപ ധനസഹായം അനുവദിച്ചു. വായ്പക്കാരുടെ ആശ്രിതര്‍ക്ക് റിസ്‌ക്ഫണ്ട്-ചികിത്സാ ധനസഹായം ഒരു ആശ്വാസം എന്നതിലുപരി വായ്പ തീര്‍ക്കുന്നതിനുള്ള അവസരമാണ്. അതേസമയം, സഹകരണ സംഘങ്ങള്‍ക്ക് വായ്പാ കുടിശിക കുറയ്ക്കുന്നതിനും പദ്ധതി സഹായിക്കുന്നു.