കൊച്ചി: കൊച്ചിയില്‍ സിനിമാ നിര്‍മാണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ പദ്ധതിയുണ്ടെന്ന് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍. ഫ്‌ളോര്‍, ഡബ്ബിങ് സ്റ്റുഡിയോ, പ്രി-മിക്‌സിങ്, എഡിറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി കൊച്ചിയില്‍ ചിത്രാഞ്ജലിയുടെ ഒരു ഉപകേന്ദ്രം തുടങ്ങാനും പദ്ധതിയുണ്ടെന്ന് ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിം സിറ്റിയായി വികസിപ്പിക്കുന്നത് സംബന്ധിച്ച് അഭിപ്രായ സമാഹരണം നടത്തുന്നതിനു കലൂര്‍ ഐഎംഎ ഹാളില്‍ സംഘടിപ്പിച്ച ആലോചനായോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിം സിറ്റിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി 42 ഏക്കര്‍ സ്ഥലത്ത് ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങള്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ നിര്‍ദേശിക്കണമെന്ന് ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഫ്‌ളോറും ഔട്ട്‌ഡോര്‍ യൂണിറ്റുകളും മിക്‌സിങ് തീയേറ്ററുകളും ഡബ്ബിംഗ് സ്റ്റുഡിയോയും ആധുനിക രീതിയില്‍ നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുള്ള പദ്ധതികളുണ്ട്. വിവിധ സിനിമകള്‍ക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഫ്‌ലോര്‍ (പ്രീഫാബ്രിക്കേറ്റഡ് ഫ്‌ളോര്‍) നിര്‍മിക്കാനും ഉദ്ദേശ്യമുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഫിലിംസിറ്റി പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി പി ആര്‍) തയ്യാറാക്കുന്നതിനായി െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കിഫ്ബി പി ഫണ്ടില്‍ നിന്നും 150 കോടി രൂപ ഫിലിം സിറ്റി പദ്ധതിയ്ക്കായി അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിം സിറ്റിയായി നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വിദഗ്ധ കമ്മിറ്റി  രൂപീകരിച്ചിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ ദീപാ ഡി നായര്‍ പറഞ്ഞു. ഭരണപരമായ കാര്യങ്ങളില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കു കൂടി സൗകര്യപ്രദമായ വിധത്തിലുള്ള കൃത്യമായ തുടര്‍ച്ച ഉറപ്പു വരുത്തും. പുറത്തു നിന്നുള്ള സാങ്കേതിക വിദഗ്ധരെ താത്കാലികമായി നിയമിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
സംസ്ഥാനത്ത് തീയേറ്ററുകള്‍ ഇല്ലാത്ത കാക്കനാട്,  കായംകുളം പോലുള്ള സ്ഥലങ്ങളില്‍ തീയേറ്റര്‍ സ്ഥാപിക്കാന്‍ കെഎസ്എഫ്ഡിസി മുന്‍കൈ എടുക്കണമെന്ന് നിര്‍മാതാവ് സുരേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. ചിത്രാഞ്ജലി നല്‍കുന്ന സബ്‌സിഡി വര്‍ധിപ്പിക്കണമെന്നും മറ്റ് സ്റ്റുഡിയോകളേക്കാള്‍ കുറഞ്ഞ നിരക്കില്‍ സൗകര്യങ്ങള്‍ നല്കണമെന്നും നിര്‍മാതാക്കളായ സുരേഷ്‌കുമാറും രഞ്ജിത്തും പറഞ്ഞു.
സിനിമയ്ക്ക് നല്കുന്ന സബ്‌സിഡിയെക്കുറിച്ച് പല ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും അറിയില്ല. ഇതുസംബന്ധിച്ച അവബോധം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ സൃഷ്ടിക്കണമെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.  കൊച്ചിയില്‍ ഇപ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്. നല്ല രീതിയില്‍ സിനിമ ചെയ്യാനുള്ള സൗകര്യങ്ങള്‍ കൊച്ചിയില്‍ ഒരുക്കണമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. ആധുനിക സൗകര്യങ്ങളോടുകൂടിയ സഞ്ചരിക്കുന്ന സിനിമ തീയറ്റര്‍ സൗകര്യമൊരുക്കാന്‍ കെഎസ്എഫ്ഡിസിക്ക് കഴിയണം. വിഎഫ്എക്‌സ് സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തിയിട്ടുള്ള നവീകരണം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ വിപ്ലവത്തില്‍ നമ്മുടെ സിനിമകള്‍ നശിക്കരുത്. ഇതിനായുള്ള നടപടികള്‍ എടുക്കണമെന്നും ഇന്റര്‍നെറ്റ് അധിഷ്ഠിത സിനിമാ പ്രദര്‍ശനത്തിനായുള്ള ആധുനിക സൗകര്യം (വെബ് സ്ട്രീമിഗിനാവശ്യമായ പ്‌ളാറ്റ്‌ഫോം) കെ എസ്എഫ്ഡിസി തുടങ്ങണമെന്നും ചലച്ചിത്ര സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞു. കെഎസ്എഫ്ഡിസി മുന്‍ ചെയര്‍മാന്‍ സാബു ചെറിയാന്‍,  ചലച്ചിത്രസംവിധായകരായ ബാലചന്ദ്രമേനോന്‍, വേണു ബി നായര്‍, മറ്റു സംവിധായകര്‍, കലാസംവിധായകര്‍, നിര്‍മ്മാതാക്കള്‍ സിനിമയിലെ മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങി ചലച്ചിത്രരംഗത്തെ വിവിധതലങ്ങളിലുള്ള പ്രഗത്ഭര്‍ യോഗത്തില്‍ പങ്കെടുത്തു.