കുരുമ്പന്‍മൂഴി നിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. കാലവര്‍ഷക്കെടുതികളില്‍ നാശനഷ്ടം സംഭവിച്ച റാന്നി താലൂക്കിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. അറയാഞ്ഞിലിമണ്ണിലുള്ളതുപോലെ തൂക്കുപാലമോ മറ്റ് ബദല്‍ സംവിധാനങ്ങളോ  ഏര്‍പ്പെടുത്താതെ കുരുമ്പന്‍മൂഴി നിവാസികള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ പുറത്തെത്തുവാന്‍ കഴിയില്ല. വനത്തിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ച്  വേണം കുരുമ്പന്‍മൂഴി നിവാസികള്‍ക്ക് പുറത്തെത്താന്‍. ഇത് പലപ്പോഴും രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ജില്ലാ വികസന സമിതിയില്‍ ഈ വിഷയം ഉയര്‍ന്നുവന്നിരുന്നു. ഇക്കാര്യത്തില്‍ കുരുമ്പന്‍മൂഴി നിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള ശ്രമം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. അയിരൂര്‍  പ്രദേശത്ത് കൃഷിനാശം സംഭവിച്ച സ്ഥലങ്ങളിലെ നാശനഷ്ടം ഉടന്‍ തിട്ടപ്പെടുത്തി നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ കൃഷിവകുപ്പ് ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വീടിനും മറ്റുമുണ്ടായ നാശനഷ്ടം അടിയന്തരമായി തിട്ടപ്പെടുത്തി നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ റവന്യു ഉദേ്യാഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.
റാന്നി തഹസീല്‍ദാര്‍ കെ.വി.രാധാകൃഷ്ണന്‍ നായര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോസ് കെ.ഈപ്പന്‍, അയിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് തമ്പി, നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, അയിരൂര്‍ വില്ലേജ് ഓഫീസര്‍ ആനന്ദകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമ്പിളി പ്രഭാകരന്‍, ഗോപിക ഹരികുമാര്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ കളക്ടറോടൊപ്പമുണ്ടായിരുന്നു.