പമ്പയിലെ മണ്‍പുറ്റുകള്‍ ജൂലൈ 15ന് മുമ്പ് നീക്കണം – വീണാജോര്‍ജ് എംഎല്‍എ
ആറന്മുള ജലമേളയുമായി ബന്ധപ്പെട്ട് പമ്പയാറിലെ മണ്‍പുറ്റുകള്‍ നീക്കുന്ന പ്രവ ര്‍ത്തികള്‍ ജൂലൈ 15ന് മുമ്പ് പൂ ര്‍ത്തിയാക്കണമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ഉതൃട്ടാതി ജലമേളയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ആറന്മുളയില്‍ നടക്കുന്ന ഡ്രഡ്ജിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയില്ലായെന്ന് പരാതിയുള്ളതിനാല്‍ ഇക്കാര്യത്തില്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ഇതിലേക്ക് കൂടുതല്‍ തുക ലഭ്യമാക്കുന്ന കാര്യം അടിയന്തരമായി ജലവിഭവ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. സത്രക്കടവ് മുതല്‍ ക്ഷേത്രക്കടവ് വരെ മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ പറഞ്ഞു.
ജലമേള പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ഹരിതചട്ടം പൂര്‍ണമായും പാലിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പള്ളിയോട സേവാസംഘം എല്ലാ പള്ളിയോട കരകള്‍ക്കും നല്‍കും. ജലമേളയ്ക്ക് എത്തുന്നവര്‍ക്ക് ഇതുസംബന്ധിച്ച് കൂടുതല്‍ ബോധവത്ക്കരണം സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ നല്‍കും. ജലമേളയുമായി ബന്ധപ്പെട്ട എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഹരിതചട്ടം പാലിക്കുന്നത് സംബന്ധിച്ച വ്യക്തമായ മാര്‍ഗരേഖ തയാറാക്കി നടപ്പാക്കണം.
ആറന്മുള ഉതൃട്ടാതി ജലമേളയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കാര്യക്ഷമമായ പ്രചാരണ പരിപാടികള്‍ ടൂറിസം വകുപ്പും, പള്ളിയോട സേവാസംഘവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും നടത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ജലമേളയുമായി ബന്ധപ്പെട്ട് ആറന്മുള, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, കോഴഞ്ചേരി, കോയിപ്രം ഗ്രാമപഞ്ചായത്തുകള്‍ തനത് ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ച് ആവശ്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിന് പ്രത്യേക അനുമതി ആവശ്യമുള്ള പക്ഷം ശുപാര്‍ശ ഉടന്‍ നല്‍കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഈ പഞ്ചായത്തുകള്‍ ജലമേളയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്  വരും വര്‍ഷങ്ങളില്‍ തൊഴിലുറപ്പ് ബഡ്ജറ്റില്‍ പ്രത്യേക അനുമതി വാങ്ങി തുക വകയിരുത്തുന്നതിന് ശ്രദ്ധിക്കണം.
ജലമേളയുടെ കാര്യക്ഷമമായ നടത്തിപ്പിനായി പമ്പാനദിയില്‍ നടക്കുന്ന ഡ്രഡ്ജിംഗ് പ്രവര്‍ത്തനങ്ങള്‍ ജൂലൈ 15ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി.