കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ‘നൂറില്‍ നൂറ്’ പദ്ധതിക്ക് തുടക്കം കുറിച്ചു. കൊല്ലങ്കോട് ബ്ലോക്കിന് കീഴിലുള്ള മുതലമട തൊട്ടിയതറയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പറമ്പികുളം വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന കൊല്ലങ്കോട് ബ്ലോക്കിന്റെ പച്ചപുതപ്പ് നഷ്ടപ്പെടാതെ സംരക്ഷിക്കാനായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദതുളസിദാസ് പറഞ്ഞു.
ഫലവൃക്ഷതൈകള്‍ നട്ട് മൂന്ന് വര്‍ഷത്തേയ്ക്ക് സംരക്ഷിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയാണ് നൂറില്‍ നൂറ്. ഇതിന്റെ ഭാഗമായി 54257 വൃക്ഷതൈകള്‍ നട്ട് അടുത്ത് മൂന്ന് വര്‍ഷത്തേയ്ക്ക് സംരക്ഷിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതി ജില്ലയില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നടപ്പാകുന്ന ‘തേന്‍കനിവനം’ പദ്ധതിയുടെ മാതൃകയിലാണ് നൂറുല്‍ നൂറ് പദ്ധതി കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്നത്.
മാവ്, പ്ലാവ്, കശുമാവ്, പേരയ്ക്ക, സപ്പോട്ട, മാതളം, ഞാവല്‍ തുടങ്ങിയ ഫല വൃക്ഷങ്ങളും മുരിങ്ങ, പുളി, നെല്ലി തുടങ്ങിയവയുമാണ് പദ്ധതിയുടെ ഭാഗമായി നടുക. ഇതിനായുള്ള തൈകള്‍ ബ്ലോക്കിന് കീഴിലുള്ള വിവിധ പ്രദേശങ്ങളിലെ തൈവളര്‍ത്ത് കേന്ദ്രങ്ങളിലാണ് തയ്യാറാക്കിയത്. നടുന്ന തൈകള്‍ മൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ജൈവ വേലി നിര്‍മിക്കുകയും വേനല്‍ക്കാലത്ത് തൈകള്‍ക്ക് വെള്ളം നനയ്ക്കാനും നശിച്ചുപോകുന്ന ചെടികളുടെ സ്ഥാനത്ത് പുതിയത് നടാനും പ്രത്യേക പ്രാധാന്യം നല്‍കിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
നൂറില്‍ നൂറ് പദ്ധതിയിലൂടെ കൊടുവായൂര്‍, കൊല്ലങ്കോട്, മുതലമട, പട്ടഞ്ചേരി, പുതുനഗരം പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 4792 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാവും. ഇതു കൂടാതെ അടുത്ത രണ്ടുവര്‍ഷത്തെ തൈ സംരക്ഷണങ്ങളിലൂടെ കൂടുതല്‍ തൊഴില്‍ ദിനങ്ങളും സൃഷ്ടിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഒരു വൃക്ഷതൈ നട്ട് നൂറ് ദിനം സംരക്ഷിച്ചാല്‍ ഒരു നൂറ്റാണ്ടുള്ള തലമുറയ്ക്ക് ഫലങ്ങളായും തണലായും തിരിച്ച് നല്‍കാന്‍ കഴിയുമെന്നതിനാലാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കിയതെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ.എ. തോമസ് പറഞ്ഞു. പരിപാടിയില്‍ മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ അധ്യക്ഷയായി.