ചാമപറമ്പിൽ  ‘സായംപ്രഭ ഹോം’ ന്  തുടക്കം
ആശ്രിതരില്ലാതെ ഒറ്റപ്പെടുന്ന വയോജനങ്ങളെ സർക്കാർ സംരക്ഷിക്കുമെന്ന് പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചാമപറമ്പ് വൃദ്ധ വിശ്രമ കേന്ദ്രത്തിൽ തുടങ്ങിയ സായംപ്രഭ ഹോം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ശാരീരികവും-മാനസികവുമായി ബുദ്ധിമുട്ടുള്ള വയോജനങ്ങളെ കണ്ടെത്തി ബോധവത്ക്കരണം നൽകി ഇത്തരം കേന്ദ്രങ്ങൾ വഴി സംരക്ഷിക്കുയാണ് സർക്കാർ ലക്ഷ്യം. 60 വയസിന് മുകളിലുള്ളവർക്ക് പകൽ വീട് മാതൃകയിൽ വിശ്രമിക്കാനും ആരോഗ്യ പരിപാലനത്തിനുമായാണ് സായംപ്രഭ ഹോം തുടങ്ങുന്നത്. രാത്രിയിൽ വീടുകളിൽ പോകാൻ ബുദ്ധിമുട്ടുള്ളവരെ സായംപ്രഭ ഹോം വഴി പരിചരിക്കും. ഭക്ഷണവും ഡോക്റ്ററുടെ സേവനവും വരും ദിവസങ്ങളിൽ ഉറപ്പാക്കും. കേരളത്തിലെ വയോജനങ്ങളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ആയുർ ദൈർഘ്യത്തിലും ആരോഗ്യ രംഗത്തും ഇതര സസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സാമൂഹിക സുരക്ഷാ രംഗത്ത് കേരളത്തിന്റെ പ്രവർത്തനം രാജ്യത്തിന് മാതൃകയാണ്. കഴിഞ്ഞ വിഷുവിന് 2223 കോടിയാണ് സാമൂഹിക സുരക്ഷാ പെൻഷനായി വിതരണം ചെയ്തത്. 65 വയസിന് മുകളിലുള്ളവർക്ക് സൗജന്യ ചികിത്സയും മരുന്നും നൽകുന്ന ‘വയോമിത്രം പദ്ധതി’, പല്ലില്ലാത്തവർക്ക് സൗജന്യ വെപ്പ് പല്ല് നൽകുന്ന ‘മന്ദഹാസം പദ്ധതി’, ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് തുടങ്ങിയ നിരവധി പദ്ധതികളാണ് വയോജനങ്ങളുടെ സുരക്ഷയ്ക്കായി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതത്തിൽ നിന്നും അഞ്ച് ശതമാനം തുക വയോജന സൗഹൃദ പദ്ധതികൾക്കായി വിനിയോഗിക്കണമെന്നും ജില്ലയിലെ വിവിധയിടങ്ങളിൽ അഞ്ച് സായംപ്രഭ ഹോമുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ പോൾസൺ അധ്യക്ഷയായ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്തംഗം സി. പ്രഭാകരൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൻമാരായ രമ ജയൻ, വനജ രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ഗംഗാധരൻ പൊന്നുക്കുട്ടി കണ്ണൻ, ജില്ലാ സാമൂഹികനീതി ഓഫീസർ പി. മീര, ശിശു സംരക്ഷണ ഓഫീസർ അന്ന ജോബ് തുടങ്ങിയവർ  പങ്കെടുത്തു.