ആലപ്പുഴ: ജില്ലയിൽ ആദ്യമായി ഒരു ബ്ലോക്ക് പഞ്ചായത്ത് മുഴുവനായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നു. സ്വന്തമായി വൈദ്യുതി ഉത്പ്പാദിപ്പിച്ച് ഓഫീസ് ആവശ്യങ്ങൾക്ക് ശേഷം മിച്ചം വരുന്ന ഊർജ്ജം കെ.എസ്.ഇ.ബിക്ക് വിതരണം ചെയ്യുന്നു. സ്വന്തമായി വൈദ്യുതി ഉത്പ്പാദിപ്പിച്ച്  അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസാണ് ജില്ലയിലെ ബാക്കിയുള്ള പതിനൊന്ന് ബ്ലോക്കുകൾക്കും മാതൃകയാവുന്നത്. പ്രതിമാസം   15000 മുതൽ 20,000 രൂപ വരെ  വൈദ്യുതി ചാർജ്ജ് അടച്ചിരുന്ന സ്ഥാനത്ത്  ഇനിമുതൽ ബ്ലോക്കിന് ഒരു  വൈദ്യുതി ചാർജ്ജും അടയ്‌ക്കേണ്ടി വരില്ല.
കഴിഞ്ഞവർഷമാണ് ഇത്തരമൊരാശയം  പഞ്ചായത്ത് അധികൃതർ ആലോചിക്കുന്നത്. ഊർജ്ജവകുപ്പിന്റെ നിർദ്ദേശപ്രകാരമായിരുന്നു അത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി തുക വിനിയോഗത്തിൽ ഉൾപ്പെടുത്തി 60 സൗരോർജ്ജ പാനലുകളാണ് സ്ഥാപിച്ചത്. 63 സോളാർ പാനലുകളാണ് ഇപ്പോൾ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിനുള്ളത്. പ്രതിദിനം 20 കിലോ വാട്ട് വൈദ്യുതോർജ്ജമാണ്  ഈ സോളാർപാനലുകൾ ഉത്പ്പാദിപ്പിക്കുന്നത്. 9.16കിലോ വാട്ട് ഊർജ്ജമാണ് അമ്പലപ്പുഴ ബ്ലോക്കിന് വേണ്ടത്. കെൽട്രോണിനായിരുന്നു പാനലുകൾ സ്ഥാപിക്കാനുള്ള ചുമതല.