കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം ഇടിഞ്ഞതിനാല്‍ കെ.എസ്.ആര്‍.ടി.സി കോഴിക്കോട് താമരശ്ശേരി യൂണിറ്റുകളില്‍ നിന്നും ജൂണ്‍ 17 മുതല്‍ വയനാട് സെക്ടറിലേക്ക് പോകുന്ന സര്‍വീസുകള്‍ ചിപ്പിലിത്തോട് വരെ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയായി നടത്താന്‍ തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നീ യുണിറ്റുകളില്‍ നിന്നും കോഴിക്കോട് വരുന്ന ബസുകള്‍ ചിപ്പിലിത്തോടു വരെ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ആയി സര്‍വ്വീസ് നടത്തും.

നിലവിലെ ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് സര്‍വ്വീസുകള്‍ കുറ്റ്യാടി, വഴി സര്‍വ്വീസ് നടത്തുന്നതാണെന്നും ഗതാഗത മന്ത്രി പറഞ്ഞു. ശനിയാഴ്ച ട്രയല്‍ സര്‍വീസ് നടത്തി. ഇന്ന് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറു വരെ ചിപ്പിലിത്തോട് നിന്ന് കോഴിക്കോട്ടേക്കും വയനാടിലേക്കും സര്‍വ്വീസുണ്ടാകും. രാത്രികാല സര്‍വ്വീസുണ്ടാകില്ല. സര്‍വ്വീസ് ഏകീകരിക്കുന്നതിന് വേണ്ടി കല്പറ്റ, താമരശ്ശേരി യൂണിറ്റ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു. അടിയന്തിര സാഹചര്യങ്ങളില്‍ കൂടുതല്‍ സര്‍വ്വീസ് അയക്കുന്നതിന് കോഴിക്കോട് സോണല്‍ ഓഫീസറെ ചുമതലപ്പെടുത്തി.

ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, രാമചന്ദ്രന്‍ കടന്നപ്പളളി എന്നിവരുടെ സാന്നിധ്യത്തില്‍ ചിപ്പിലത്തോട് സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. യോഗത്തില്‍ എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്‍, ജോര്‍ജ്ജ് എം. തോമസ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, കൊടുവളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കലക്ടര്‍ യു.വി ജോസ്, വയനാട് ജില്ലാ കലക്ടര്‍ എ.ആര്‍ അജയ്കുമാര്‍, കോഴിക്കോട് റൂറല്‍ എസ്.പി എന്നിവരും വിവിധവകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിച്ചു.