കനത്ത കാലവര്‍ഷത്തിലും ഉരുള്‍പൊട്ടലിലും ജില്ലയില്‍ ഉണ്ടായ വ്യാപകമായ നാശനഷ്ടം കണക്കാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട് വകുപ്പു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രരന്‍ എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. തീങ്കളാഴ്ച വൈകീട്ട് 5 മണികക്കം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുന്നതിന് ജില്ലാ കലക്ടര്‍ യു.വി ജോസ് ബന്ധപ്പെട്ട മുഴുന്‍ വകുപ്പു ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് പ്രഥമ പരിഗണന നല്‍കണം. നാശനഷ്ടങ്ങള്‍ കണക്കാക്കി തുടര്‍ നടപടികള്‍ അടുത്ത് മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

വെളളപൊക്കത്തെതുടര്‍ന്ന് കിണറുകളും കുടിവെളള സ്രോതസുകളും മലിനമായിട്ടുണ്ട്. ഇത് ശൂചീകരിക്കുന്നതിന് ജനപ്രതിനിധികള്‍, സന്നധസംഘടനങ്ങള്‍, തുടങ്ങിയവര്‍ കൂട്ടായ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. വീട് പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് താമസം, ഭക്ഷണം എന്നിവ ലഭ്യമാക്കും. ഇതിന് ജില്ലാ ഭരണകൂടം വഴി സര്‍ക്കാര്‍ സഹായം നല്‍കും. ഭക്ഷണ ചെലവ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വഴി നിര്‍വ്വഹിക്കും. ജില്ലയില്‍ തകര്‍ന്ന റോഡുകളുടെ അറ്റുകുറ്റപ്പണികള്‍ പൊതുമരാമത്ത് വകുപ്പ് അടിയന്തിരമായി ഏറ്റെടുത്തു നടത്തണം. ഗതാഗത തടസ്സമുണ്ടാക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം. കക്കയം, പെരുവണ്ണാമുഴി ഡാമും അടച്ചിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ വീണ്ടും തുറക്കാനുളള സാഹചര്യമുണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.

എല്ലാ വില്ലേജ് ഓഫീസുകളും ഞായറാഴ്ചയും (ജൂണ്‍ 17) തുറന്നു പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗെയില്‍ പൈപ്പ് ലൈന്‍ പോകുന്ന ഇടങ്ങളില്‍ വെളളപ്പൊക്കം രൂക്ഷമായി പ്രദേശവാസികള്‍ക്ക് നാശനഷ്ടമുണ്ടായത് സംബന്ധിച്ച് അധികൃതരുമായി ചര്‍ച്ച നടത്തും.
മാലിന്യ സംസ്‌കരണ ഏറ്റവും പ്രധാനപ്പെട്ടതാണ്. എല്ലാ പഞ്ചായത്ത് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെടണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചികിത്സാ സൗകര്യങ്ങള്‍ ബന്ധപ്പെട്ട പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി നല്‍കി വരുന്നുണ്ട്. പകര്‍ച്ച വ്യാധികള്‍ പിടിപ്പെടാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാവകുപ്പുകളും പ്രാദേശികമായി ഏകോപിച്ചുകൊണ്ടുളള പ്രവര്‍ത്തനം നടത്തി ജില്ല നേരിടുന്ന കെടുതി മറിക്കടക്കാന്‍ പരിശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു.

കോഴിക്കോട് താലൂക്കില്‍ 175 വീടുകള്‍ ഭാഗികമായും 13 വീടുകള്‍ പൂര്‍ണ്ണമായു തകര്‍ന്നുവെന്ന് തഹസില്‍ദാര്‍ അറിയിച്ചു. നിലവില്‍ 10 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. വടകരയില്‍ ഏഴ് വീട് പൂര്‍ണ്ണമായും 63 വീടുകള്‍ ഭാഗികമായി തകര്‍ന്നു. താമരശ്ശേരിയില്‍ മലയിടിഞ്ഞു 30 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 14 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കരിഞ്ചോലമലയില്‍ 7 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. താമരശ്ശേരി 399 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൊയിലാണ്ടി 323 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒരു വീട് ഭാഗികമായി തകര്‍ന്നു. ജില്ലയിലാകെ 450 ഹെക്ടര്‍ കൃഷി നശിച്ചതായി ആണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്.

ഉരുള്‍പ്പൊട്ടലില്‍ വീട് പുര്‍ണ്ണമായി തകര്‍ന്നതിന്റെ നാശനഷ്ടം കണക്കാക്കി പ്രപ്പൊസല്‍ സമര്‍പ്പിക്കുന്നതിന് ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) ചുമതലപ്പെടുത്തി. യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, എ.ഡി.എം ടി ജനില്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) പി.പി കൃഷ്ണന്‍കുട്ടി, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.