കോതമംഗലം: ചെറുവട്ടൂര്‍ ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒരാഴ്ച നീളുന്ന വായനാ ദിന പരിപാടികള്‍ക്ക് തുടക്കമായി. സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി പി.ടി.എ പ്രസിഡന്റ് സലീം കാവാട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വായനാദിന സന്ദേശത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. പി.എന്‍.പണിക്കരെക്കുറിച്ചും ഗ്രന്ഥശാലാ പ്രസ്ഥാനത്തെപ്പറ്റിയുമുള്ള സന്ദേശമാണ് കുട്ടികള്‍ പരസ്പരം കൈമാറിയത്. തുടര്‍ന്ന് കുട്ടികളുടെ പത്രവായന, നാടന്‍പാട്ട് കവിതാലാപനം എന്നീ പരിപാടികളും സംഘടിപ്പിച്ചു. നവീകരിച്ച ക്ലാസ് റൂം ലൈബ്രറികളുടെ ഉദ്ഘാടനവും പി.ടി.എ പ്രസിഡന്റ് നിര്‍വ്വഹിച്ചു. കുട്ടികള്‍ തന്നെ ക്ലാസ് റൂം ലൈബ്രറികളിലെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു.
വായനാവാരത്തോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ പുസ്തക പ്രദര്‍ശനം, സാഹിത്യ ക്വിസ്സ്, വായനാ മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍, വായനാക്കുറിപ്പ് തയ്യാറാക്കല്‍ എന്നീ മത്സരങ്ങള്‍ നടത്തുമെന്ന് ഹെഡ്മിസ്ട്രസ്സ് എം.പ്രസന്ന പറഞ്ഞു. പി.ടി.എ.അംഗം സുബൈര്‍, സ്റ്റാഫ് സെക്രട്ടറി സി.എ.മുഹമ്മദ്, മറ്റ് അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.