കാക്കനാട്: കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കീഴ്മാട് ഗവ. ബോയ്‌സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നേടിയ 100 ശതമാനം വിജയം പരിശ്രമത്തിന്റെ ഫലമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ സാക്ഷ്യം.  പരീക്ഷയെഴുതിയ 31 കുട്ടികളും വിജയം കണ്ടപ്പോള്‍ ഒരു കുട്ടി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സും നേടി.  50 ശതമാനത്തിലധികം കുട്ടികള്‍ ഡിസ്റ്റിങ്ഷന്‍ മാര്‍ക്ക് നേടിയിട്ടുണ്ട്.  ഇവരില്‍ മിക്കവര്‍ക്കും ഒന്നോ രണ്ടോ വിഷയത്തില്‍ മാത്രമേ എ പ്ലസ് ലഭിക്കാതെയുള്ളൂ.  സ്‌കൂളിലൊരുക്കിയ അനുമോദനയോഗത്തില്‍ മുഖ്യാതിഥിയായി എത്തിയ ജില്ലാ കലക്ടര്‍ വിജയികളെയും വിജയത്തിലേക്ക് സ്‌കൂളിനെ നയിച്ച അധ്യാപകരെയും മറ്റു ജീവനക്കാരെയും അഭിനന്ദിച്ചു.
2002 മുതല്‍ വിദ്യാര്‍ത്ഥികള്‍  എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്ന സ്‌കൂള്‍ രണ്ടാം തവണയാണ് 100 ശതമാനം വിജയം നേടുന്നത്.  വിദ്യാര്‍ത്ഥികളുടെ പരിശ്രമത്തോടൊപ്പം അധ്യാപകരുടെ അര്‍പ്പണബോധവും വിജയത്തിലേക്കുള്ള ചവിട്ടുപടികളായി.  പഠനത്തില്‍ ഏറ്റവും പിന്നിലുള്ളവരെ പ്രത്യേകം പരിഗണിച്ചുകൊണ്ട് ക്ലാസ്സുകള്‍ ചിട്ടപ്പെടുത്തിയതാണ് നേട്ടത്തിന്റെ കാരണമെന്ന് സ്‌കൂളിലെ സീനിയര്‍ സൂപ്രണ്ട് അന്‍വര്‍ പറഞ്ഞു.  റസിഡന്‍ഷ്യല്‍ സ്‌കൂളായതുകൊണ്ടുതന്നെ വാരാന്ത്യങ്ങളില്‍ ഓരോ വിഷയവും അധ്യാപകര്‍ റിവിഷന്‍ നടത്തുകയും മോഡല്‍ പരീക്ഷകള്‍ നടത്തി പരീക്ഷയെ അഭിമുഖീകരിക്കാന്‍ ധൈര്യം നല്‍കുകയും ചെയ്തിരുന്നു.  നാല് ട്യൂട്ടര്‍മാരും പഠനത്തില്‍ പിന്നിലുള്ളവരെ അവധിക്കാലത്ത് സ്വന്തം വീട്ടില്‍ താമസിപ്പിച്ച് പഠിപ്പിച്ചിരുന്ന ഒരു അധ്യാപികയും  സ്‌കൂളിലുണ്ട്.
സ്‌കൂളിലെ   കൗണ്‍സിലറുടെ സേവനവും എടുത്തുപറയേണ്ടതാണ്.  പഠനത്തില്‍ പിന്നിലുള്ളവര്‍, അനുസരണക്കേടുള്ളവര്‍, വിഷാദമോ വിഷമമോ അനുഭവിക്കുന്നവര്‍ തുടങ്ങിയവരെ പ്രത്യേകം നിരീക്ഷിച്ച് കൗണ്‍സിലിങ് നടത്തി പഠനത്തിന്റെ പാതയിലേയ്ക്കുകൊണ്ടുവരുന്നതില്‍ കൗണ്‍സിലര്‍ വഹിച്ച പങ്ക് വലുതാണ്.
സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും ബാന്‍ഡ് സെറ്റുമുണ്ട്.  എസ്.പി.സി.യുടെ നേതൃത്വത്തിലുള്ള ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് സ്‌കൂളില്‍ നടത്തുന്ന ബോധവല്‍കരണപ്രവര്‍ത്തനങ്ങളും എടുത്തുപറയേണ്ടതാണ്.  കലാ കായികമത്സരങ്ങളിലും  മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ചവെക്കുന്നത്.  മാലിന്യനിര്‍മാര്‍ജ്ജനം, വ്യക്തിശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ അധ്യാപകര്‍ നല്‍കുന്ന ഉപദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അതേപടി അനുസരിക്കുന്നുമുണ്ട്.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഗവേണിങ് ബോഡി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ തങ്ങളോടുകാട്ടുന്ന സ്‌നേഹത്തിനുള്ള സമ്മാനമാണ് ഈ വിജയമെന്ന് കുട്ടികള്‍ പറയുന്നു.  കഴിഞ്ഞ ഐ.എസ്.എല്‍. സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണണമെന്ന് കുറച്ചു കുട്ടികള്‍ ആവശ്യപ്പെട്ടപ്പോള്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും ജീവനക്കാരെയും നെഹ്രു സ്റ്റേഡിയത്തില്‍ കൊണ്ടുപോയി കളി കാണിച്ച കലക്ടറോട് നീതി പുലര്‍ത്താന്‍ അവര്‍ നന്നായി പഠിച്ചു; അവരുടെ ഭാഗവും ഭംഗിയാക്കി.  അദ്ദേഹത്തോടുള്ള ആദരസൂചകമായി മുഴുവന്‍ കുട്ടികളും എഴുന്നേറ്റുനിന്ന് കൈയ്യടിച്ച് സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു.
കഴിഞ്ഞ പ്ലസ് ടു പരീക്ഷയിലെ വിജയവും സ്‌കൂളിന് മുതല്‍ക്കൂട്ടാണ്.  ഫലം വന്നപ്പോള്‍ പരീക്ഷയെഴുതിയ 35 പേരില്‍ രണ്ടുപേര്‍ മാത്രം വിജയത്തിന്റെ പടി കടന്നില്ല.  കോഴിക്കോടുള്ള ഒരു മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പൂട്ടിയതിനെ തുടര്‍ന്ന് കീഴ്മാട് സ്‌കൂളില്‍ ചേര്‍ന്ന ആ രണ്ടുപേരില്‍ ഒരാള്‍ കണക്കിനും മറ്റേയാള്‍ കണക്കിനും ഫിസിക്‌സിനുമാണ് തോറ്റത്. എന്നാല്‍ സേ ഫലം വന്നപ്പോള്‍ അവരും വിജയികളുടെ പട്ടികയില്‍ ഇടം നേടി.  പഠനത്തില്‍ പിന്നിലാകുന്നതിലെ വ്യക്തിപരമായ പ്രശ്‌നം മനസ്സിലാക്കി അതിനനുസരിച്ച് പാഠഭാഗങ്ങള്‍ ചിട്ടപ്പെടുത്തി പരിശീലിപ്പിക്കുന്നതില്‍ ഇവരുടെ കാര്യത്തിലും ഇവിടുത്തെ അധ്യാപകര്‍ വിജയിച്ചു.
അനുമോദനയോഗത്തില്‍ കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് രമേഷ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ജോസഫ് ജോണ്‍, പ്രിന്‍സിപ്പാള്‍ ഷീല, ഹെഡ് മാസ്റ്റര്‍ പ്രകാശ് നാരായണന്‍, സീനിയര്‍ സൂപ്രണ്ട് എന്‍.എച്ച്.അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.