ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം
വിദ്യാഭ്യാസ വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ ഉദാര സമീപനം സ്വീകരിക്കണമെന്ന് ജില്ലാ കലക്റ്റര്‍ ഡി. ബാലമുരളി പറഞ്ഞു. ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തിലാണ് ജില്ലാ കലക്റ്റര്‍ ഇക്കാര്യം പറഞ്ഞത്. പുതിയ അധ്യയനവര്‍ഷം ലഭിക്കുന്ന വിദ്യാഭ്യാസ വായ്പ അപേക്ഷകളില്‍ അര്‍ഹരായവര്‍ക്ക് ആവശ്യമായ തുക അനുവദിക്കണം. വായ്പാ നടപടികള്‍ ലളിതമാക്കാനും വിദ്യാര്‍ഥികള്‍ക്ക് ബോധവത്ക്കരണം നല്‍കാനും ബാങ്ക് അധികൃതര്‍ മുന്‍കൈയെടുക്കണം. ചെറുകിട വ്യാവസായിക മേഖലക്കായുള്ള മുദ്ര ലോണുകള്‍ കൂടുതലായി അനുവദിക്കണമെന്നും ജില്ലാ കലക്റ്റര്‍ യോഗത്തില്‍ പറഞ്ഞു.
2017-18 സാമ്പത്തിക വര്‍ഷം ജില്ലയില്‍ 14080 കോടി വായ്പ വിതരണം ചെയ്ത് ജില്ലാ വായ്പാ പദ്ധതിയുടെ 98 ശതമാനം ലക്ഷ്യം നേടി. കാര്‍ഷിക മേഖലയ്ക്ക് 5275 കോടിയും വ്യാവസായിക മേഖലയ്ക്ക് 3527 കോടിയും മറ്റ് മുന്‍ഗണനാ മേഖലയ്ക്ക് 2097 കോടിയും മുന്‍ഗണനാ മേഖലയ്ക്ക് 10899 കോടിയും മുന്‍ഗണനേതര മേഖലയ്ക്ക് 3181 കോടിയും വായ്പ നല്‍കി. ജില്ലയിലെ വായ്പാ-നിക്ഷേപ അനുപാതം 67 ശതമാനമാണ്. 440 വിദ്യാഭ്യാസ വായ്പ അപേക്ഷയില്‍ 9.3 കോടി വായ്പ അനുവദിച്ചു. 2333 സ്വയം സഹായ സംഘങ്ങള്‍ക്ക് 59.6 കോടി നല്‍കി. ജില്ലയിലെ കര്‍ഷകര്‍ക്ക് കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 23137 കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 257.32 കോടിയും മുദ്ര ലോണ്‍ വിഭാഗത്തില്‍ 15828 അപേക്ഷകളില്‍ 97.20 കോടിയും അനുവദിച്ചതായി യോഗം വിലയിരുത്തി.
ഹോട്ടല്‍ ഗസാലയില്‍ നടന്ന പരിപാടിയില്‍ ലീഡ് ഡിസ്ട്രിക്ട് മാനെജര്‍ ഡി.അനില്‍, കാനറാ ബാങ്ക് അസി.ജനറല്‍ മാനെജര്‍ സി.എം. ഹരിലാല്‍, റിസര്‍വ് ബാങ്ക് പ്രതിനിധി ഹരിദാസ്, നബാര്‍ഡ് ഡി.ഡി.എം. രമേഷ് വേണുഗോപാല്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.