മുതുകുളം: സംസ്ഥാനത്തെ ആദ്യത്തെ  സിറ്റിസൺ ഇൻഫർമേഷൻ സെന്റർ  ആലപ്പുഴ മുതുകുളത്ത് പ്രവർത്തനം ആരംഭിച്ചു. 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ ജില്ലകൾക്കും സിറ്റിസൺസ് ഇൻഫർമേഷൻ സെന്റർ  അനുവദിച്ചിരുന്നു. മുതുകുളത്ത് പ്രവർത്തനമാരംഭിച്ച സിറ്റിസൺ ഇൻഫർമേഷൻ സെന്റർ ജില്ലാ കളക്ടർ എസ്. സുഹാസ്  ഉദ്ഘാടനം ചെയ്തു.
 വിവര സാങ്കേതിക വിദ്യ പൊതുജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മൂന്നര ലക്ഷം രൂപ മുതൽമുടക്കി ആരംഭിച്ച സെന്റർ മുഖേന വയോജനങ്ങൾക്ക് ഇ-സാക്ഷരത നൽകുക, ഓൺലൈൻ അപേക്ഷ സമർപ്പണം, പരീക്ഷാ ഫല പരിശോധനം, ഗ്രാമീണ ഇന്റർനെറ്റ് കഫെ, ഇ-ടിക്കറ്റിംഗ്, ഇ-ഗവേർണൻസ് ആപ്ലിക്കേഷൻസ്, ഡി.റ്റി.പി., അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം, ഇ-ലൈബ്രറി തുടങ്ങിയ സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച ഈ സെന്റർ പൊതുജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിൻ സി. ബാബു യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, മണി വിശ്വനാഥ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുജിത്ത്ലാൽ, വി.പ്രഭാകരൻ, എ.വി.രജ്ഞിത്ത്, എച്.നിയാസ്, ബി.വിജയമ്മ, ഇ.ശ്രീദേവി, എസ്. അജിത, രാധാ രാമചന്ദ്രൻ, സെക്രട്ടറി രതീഷ് ആർ. ദാസ് , എ.ഡി.സി. പ്രദീപ്കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.