മതാതീതമായ ജനകീയ പ്രസ്ഥാനമാക്കി യോഗയെ മാറ്റുക ലക്ഷ്യം: 
മന്ത്രി എ.സി. മൊയ്തീന്‍
കൊച്ചി: മതാതീതമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മനസിന്റെയും ശരീരത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉപാധി എന്ന നിലയില്‍ യോഗയെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കായിക, യുവജനകാര്യ മന്ത്രി എ.സി. മൊയ്തീന്‍. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് മാത്രമല്ല മറിച്ച് എല്ലാ മനുഷ്യര്‍ക്കും യോഗ ചെയ്യാന്‍ കഴിയുന്ന സാഹചര്യം വളര്‍ത്തിയെടുക്കണം. എല്ലാ ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കും അതീതമായ ജീവിതരീതിയാണ് യോഗ. സെപ്തംബറില്‍ കേരളത്തില്‍ അന്താരാഷ്ട്ര യോഗ ചാംപ്യന്‍ഷിപ്പ് നടക്കാനിരിക്കുകയാണ്. ഭാവിയില്‍ ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മാനസികമായ നിയന്ത്രണത്തിനും അച്ചടക്കത്തിനും ആരോഗ്യത്തിനും യോഗ ഉത്തമമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ പറഞ്ഞു. ലോകത്തെ പല പ്രമുഖരും യോഗ പരീശിലിക്കുന്നു. എല്ലാവരെയും യോഗയില്‍ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗ അസോസിയേഷന്‍ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജൈവ ജീവിതത്തിന്റെ ഭാഗമാണ് യോഗയെന്ന് മഖ്യപ്രഭാഷണം നടത്തിയ മുന്‍ എംപി പി. രാജീവ് പറഞ്ഞു. യോഗ ചില താത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. യോഗ ഒരു മതത്തിന്റേതു മാത്രമായി പരമിതപ്പെടുത്താനാകില്ല. മതനിരപേക്ഷവും മാനവികവുമായ പ്രദര്‍ശനമാണത്. എല്ലായിടത്തും യോഗ പരീശീലന കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും സ്‌പോര്‍ട്ട്‌സ് കൗണ്‍സിലും അംഗീകരിച്ച ഏക യോഗ അസോസിയേഷനായ കേരള യോഗ അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം യോഗ അസോസിയേഷനാണ് യോഗ ദിനാചരണവും യോഗ പ്രദര്‍ശനവും സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ യോഗ അഭ്യസിക്കുന്ന 26 ക്ലബ്ബുകളില്‍ നിന്നുള്ള 1100 ഓളം പേരാണ് യോഗ പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. ഉദ്ഘാടന സമ്മേളനത്തിനു ശേഷം മന്ത്രിയ്ക്കും വിശിഷ്ടാതിഥികള്‍ക്കും മുന്നിലാണ് യോഗ അവതരിപ്പിച്ചത്.
മറ്റു കായിക ഇനങ്ങള്‍ക്കു ലഭിക്കുന്ന എല്ലാ പരിഗണനയും സ്‌പോര്‍ട്ട്‌സ് യോഗയ്ക്കും ലഭിക്കുമെന്ന് യോഗ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി. ബാലചന്ദ്രന്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളിലേക്കും യോഗ എത്തിക്കുകയാണ് ലക്ഷ്യം. ഓരോ ജില്ലയിലും തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ യോഗ പാഠ്യവിഷയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ജനറല്‍ സെക്രട്ടറി അഡ്വ.കെ.ഡി. വിന്‍സെന്റ്, യോഗ അസോസിയേഷന്‍ രക്ഷാധികാരി എം.പി. പത്രോസ്, യോഗ പരിശീലകരായ ഗോപന്‍, എന്‍.എം. രാജേന്ദ്രന്‍, തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക ദേവി, കൗണ്‍സിലര്‍ ഡോ. പൂര്‍ണ്ണിമ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.