നവകേരള മിഷന്‍റെ ഭാഗമായി പൊതു വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്‍റെ പൊതുവിദ്യഭ്യാസ സംക്ഷണ യജ്ഞം പദ്ധതിയിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ് ചെന്ത്രാപ്പിന്നി ഹയര്‍സെക്കന്‍ററി സ്കൂള്‍. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്ന ഹൈടക്ക് ക്ലാസ് റൂം പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിച്ചതിന്‍്റെ ആഹ്ലാദത്തിലാണ് സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും.

സ്കൂളിലെ 19 ക്ലാസ്മുറികളാണ് ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ചത്. ഇതിന്‍്റെ ഉദ്ഘാടനം ടി.വി ഇസെന്‍റ് എം.പി. നിര്‍വഹിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 15 ഉം ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ 4 ഉം ക്ലാസ് മുറികളാണ് നവീകരിച്ചത്. മുഴുവന്‍ ക്ലാസ്മുറികളിലും ടൈല്‍വിരിച്ചു. വൈദ്യുതി ലഭ്യമാക്കി. ഓരോ ക്ലാസ് മുറിയിലും ലാപ്ടോപ്, എല്‍സിഡി പ്രൊജക്ടര്‍, സ്മാര്‍ട്ട് ബോര്‍ഡ്, സ്പീക്കര്‍ എന്നിവ സ്ഥാപിച്ചു. ക്ലാസ്സുകള്‍ ഹൈടക്കായതോടെ പഠന രീതിയും ഹൈടക്കായി. ഡിജിറ്റല്‍ സംവിധാനം വന്നതോടെ അധ്യാപനം കൂടുതല്‍ എളുപ്പമായതായി അദ്ധ്യാപകര്‍ പറയുന്നു.ക്ളാസുകളില്‍ ചാര്‍ട്ട്, മാപ്പ് തുടങ്ങിയവയുടെ ഉപയോഗം കുറക്കാന്‍ സാധിച്ചു. സയന്‍സ് വിഷയങ്ങളിലെ വിവിധ പരീക്ഷണങ്ങള്‍ സംബന്ധിച്ച് കുട്ടികള്‍ക്ക് എളുപ്പം ധാരണ നല്‍കാന്‍ സഹായിച്ചു. സര്‍ക്കാരിന്‍റെ സമഗ്ര പോര്‍ട്ടല്‍ വഴി ലഭിക്കുന്ന വിവരങ്ങളും വീഡിയോകളും ഇന്‍ററാക്ടീവ് സെഷനുകളും കൃത്യമായി ഉപയോഗപ്പെടുത്താനായി. കുട്ടികളും അദ്ധ്യാപകരും പവര്‍പോയിന്‍റ് പ്രസന്‍റേഷനുകള്‍ വഴി ക്ലാസ്സുകള്‍ എടുക്കാന്‍ സജ്ജരായി മാറി.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) മുഖേനയാണ് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തിരിക്കുന്നത്. 19 പ്രൊജക്ടര്‍, 19 ലാപ്ടോപ്, 19 സ്മാര്‍ട് ബോര്‍ഡ്, 19 സൗണ്ട് സിസ്റ്റം, ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് എന്നിവയാണ് വിദ്യാലയത്തിലേക്ക് അനുവദിച്ചിരിക്കുന്നത്. ആദ്യ ഘ’ട്ടത്തില്‍ ഹയര്‍സെക്കന്‍ററി, ഹൈസ്കൂള്‍ ക്ലാസ്സുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. രണ്ടാം ഘട്ടത്തില്‍ അപ്പര്‍പ്രൈമറി, ലോവര്‍ പ്രൈമറി വിഭാഗത്തിലെ ക്ലാസ്മുറികളും ഹൈടക്ക്ലാസ്സ് മുറികളായി നവീകരിക്കും.