തിരുവനന്തപുരം: രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘ഞാൻ മേരിക്കുട്ടി’ ട്രാൻസ്ജെൻഡർ വിഭാഗത്തോടൊപ്പം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ കണ്ടു. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ട്രാൻസ്ജെൻഡേഴ്സ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ട്രാൻസ്ജെൻഡർമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 200ഓളം പേർ പങ്കെടുത്തു. സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസ്., ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ്., സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ എന്നിവരുമുണ്ടായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ രഞ്ജിത് ശങ്കറെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.

ട്രാൻസ്ജെൻഡർമാർ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളും അവരുടെ ജീവിതവും മനോഹരമായി ആവിഷ്‌കരിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ട്രാൻസ്ജെൻഡർമാർക്ക് പ്രചോദനമാവും എന്നത് മാത്രമല്ല ഏറ്റവും മോശമായ രീതിയിൽ കൂടപ്പിറപ്പുകളെ അപഹസിക്കുന്നവർക്ക് എതിരായിട്ടുള്ള ഒരു താക്കീത് കൂടിയായി ഈ സിനിമ മാറുകയാണ്. അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ സാമൂഹ്യ പ്രാധാന്യം ആയി കാണുന്നതെന്നും മന്ത്രി പറഞ്ഞു.