കെ.ബി.എല്ലിന് ഈ വർഷം തുടക്കം-ധനമന്ത്രി 
ഇത്തവണത്തെ നെഹ്‌റു ട്രോഫിയുടെ ഏറ്റവും വലിയ പ്രത്യേകത ഇനി മേലിൽ നെഹ്‌റുട്രോഫി ബോട്ടുറേസിൽ ഏറ്റവും മികവ് പുലർത്തുന്ന ഒമ്പത് ചുണ്ടൻ വള്ളങ്ങളായിരിക്കും കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും മാറ്റുരയ്ക്കുകയെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. 66ാമത് നെഹ്‌റുട്രോഫിക്ക് മുന്നോടിയായുള്ള ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ബോട്ട് ലീഗ് ഈ വർഷം ആരംഭിക്കും. നെഹ്‌റു ട്രോഫി വള്ളംകളിയിൽ നിന്ന് ആരംഭിച്ച് കൊല്ലം പ്രസിഡന്റ് ട്രോഫിയിൽ അവസാനിക്കുന്ന വിധമായിരിക്കും ക്രമീകരണം. അതിനായി പ്രത്യേകം യോഗ്യതാമത്സരങ്ങൾ ഇല്ല. നെഹ്‌റുട്രോഫിയിൽ എല്ലാവർക്കും പങ്കെടുക്കാൻ അവസരം നൽകുമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പാണ് കെ.ബി.എല്ലിന് നേതൃത്വം നൽകുക. ക്രിക്കറ്റ് താരം  സച്ചിൻ ടെൻഡുൽക്കർ ഇത്തവണ നെഹ്‌റു ട്രോഫിക്ക് മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് ഉറപ്പ് നൽകിയാതായും മന്ത്രി യോഗത്തെ അറിയിച്ചു.
പണം കൊടുത്ത് വള്ളംകളി കാണാനെത്തുന്നവർക്ക് പ്രത്യേക മേഖല തിരിച്ച് എല്ലാ സൗകര്യങ്ങളും നൽകുമെന്ന് ധനമന്ത്രി ജനറൽ ബോഡി യോഗത്തിൽ പറഞ്ഞു. നെഹ്‌റു ട്രോഫിക്ക് ഓൺലൈൻ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബുക്ക് ചെയ്യുന്നതിന് ആപ്ലിക്കേഷൻ ഉണ്ടാകും.  ഇത്തവണ ആദ്യമായി ഫിനിഷിംഗ് കൃത്യത ഉറപ്പു വരുത്തുന്നതിനായി ഫോട്ടോ ഫിനിഷ് സംവിധാനം നടപ്പിലാക്കാൻ ജനറൽബോഡി യോഗം തീരുമാനിച്ചു.  സ്റ്റാർട്ടിങ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഫോട്ടോ സ്റ്റാർട്ടിങ് പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്റ്റാർട്ടിങ്ങിന്റെ  പിഴവുകൾ ഇല്ലാതാക്കുന്നതിനുവേണ്ടി ട്രാക്കിൽ പാലിക്കേണ്ട അച്ചടക്കം സംബന്ധിച്ച് കൃത്യമായ പെരുമാറ്റച്ചട്ടം രൂപപ്പെടുത്താൻ മന്ത്രി നിർദ്ദേശം നൽകി. ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിന് വേണ്ടി ഒരു സബ് കമ്മിറ്റിയെ നിയമിക്കാനും ജനറൽബോഡി യോഗം തീരുമാനിച്ചിട്ടുണ്ട്.  സ്‌പോൺസർഷിപ്പിന് ശ്രമിക്കുന്നുണ്ടെന്നും ഇത്തവണ നേരത്തെ തന്നെ ഒരു കോടി രൂപ സംസ്ഥാന സർക്കാർ നെഹ്‌റു ട്രോഫിക്കായി നൽകിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ആദ്യമായി ഗ്രീൻ പ്രോട്ടോകോൾ പൂർണമായി പാലിച്ചു കൊണ്ടായിരിക്കും  നെഹ്‌റു ട്രോഫി വള്ളംകളി നടക്കുക. ഇതിന് ആലപ്പുഴ നഗരസഭ നേതൃത്വം നൽകും. മലിനീകരണത്തിന് എതിരെയുള്ള സന്ദേശം കൂടിയാവും ഇത്തവണത്തെ വള്ളംകളിയെന്ന് മന്ത്രി പറഞ്ഞു. ജനറൽ ബോഡി യോഗത്തിൽ എൻ.ടി.ബി.ആർ.സൊസൈറ്റി ചെയർമാൻ ജില്ലാകളക്ടർ എസ്.സുഹാസ്, നഗരസഭാ ചെയർമാൻ തോമസ് ജോസഫ്, എൻ.ടി.ബി.ആർ.സൊസൈറ്റി സെക്രട്ടറി സബ്കളക്ടർ വി.ആർ. കൃഷ്ണതേജ, മുൻ എം.എൽ.എമാരായ സി.കെ.സദാശിവൻ, കെ.കെ.ഷാജു, വിവിധ സബ്കമ്മറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു.
(പി.എൻ.എ. 1455/2018)