നിപ: ആരോഗ്യ പ്രവർത്തകർക്ക് ഇൻക്രിമെന്റ്, സ്വർണ്ണമെഡൽ

കോഴിക്കോട്ട് നിപ ബാധിതരെ ചികിത്സിക്കുന്നതിൽ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടർമാർ ഉൾപ്പടെയുള്ള സർക്കാർ ജീവനക്കാർക്ക് ഒരു മുൻകൂർ ഇൻക്രിമെന്റ് നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. നിപ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവർത്തിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇൻക്രിമെന്റ് നൽകുന്നത്. നാല് അസിസ്റ്റന്റ് പ്രൊഫസർമാരും 19 സ്റ്റാഫ് നേഴ്‌സും ഏഴ് നേഴ്‌സിംഗ് അസിസ്റ്റന്റുമാരും 17 ക്ലീനിംഗ് സ്റ്റാഫും നാല് ഹോസ്പിറ്റൽ അറ്റന്റർമാരും രണ്ട് ഹെൽത്ത് ഇൻസ്‌പെക്ടർമാരും നാല് സെക്യൂരിറ്റി സ്റ്റാഫും ഒരു പ്ലംബറും മൂന്ന് ലാബ് ടെക്‌നീഷ്യൻമാരുമുൾപ്പടെ 61 പേർക്കാണ് ഇൻക്രിമെന്റ് അനുവദിക്കുന്നത്. ഇതിനുപുറമേ 12 ജൂനിയർ റസിഡന്റുമാരെയും മൂന്ന് സീനിയർ റസിഡന്റ്മാരേയും ഒരോ പവന്റെ സ്വർണ്ണമെഡൽ നൽകി ആദരിക്കും.
നിപ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നേഴ്‌സ് ലിനി പുതുശ്ശേരിയുടെ സ്മരണാർത്ഥം സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച നേഴ്‌സിനുള്ള അവാർഡ് ഏർപ്പെടുത്താനും തീരുമാനിച്ചു.

കാസർഗോഡ് യോഗ ഇൻസ്റ്റിറ്റ്യൂട്ട്

യോഗ ആന്റ് നാച്വറോപ്പതി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കാസർഗോഡ് ജില്ലയിലെ കരിന്തളം വില്ലേജിൽ പതിനഞ്ച് ഏക്കർ ഭൂമി പാട്ടത്തിന്അനുവദിക്കാൻ തീരുമാനിച്ചു. നൂറ് കിടക്കകളുള്ള ആശുപത്രി ഉൾപ്പടുന്നതാണ് നിർദ്ദിഷ്ട ഇൻസ്റ്റിറ്റ്യൂട്ട്. സെൻട്രൽ കൗൺസിൽ ഫോർ റിസേർച്ച് ഇൻ യോഗ ആന്റ് നാച്വറോപ്പതിയാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന് അസംസ്‌കൃത വസ്തുക്കളായ ഈറ്റ, മുള,യൂക്കാലിപ്റ്റസ്, അക്കേഷ്യ എന്നിവ ടണ്ണിന് ആയിരം രൂപ നിരക്കിൽ 2017-18, 2018-19 വർഷങ്ങളിലും പ്രത്യേക കേസായി അനുവദിക്കാൻ തീരുമാനിച്ചു.
പൊതുമേഖലാസ്ഥാപനമായ ട്രാൻസ്‌ഫോർമേർസ് ആന്റ് ഇലക്ട്രിക്കൽസ് കേരള ലിമിഡറ്റിലെ ഓഫീസർമാരുടെ ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകൾ പരിഹരിക്കാൻ മന്ത്രസഭ അനുമതി നൽകി.
വാഹനാപകടം: കേസിന്റെ ചുമതല ലോക്കൽ പോലീസിന്
വാഹനാപകട കേസുകളിൽ അന്വേഷണ ചുമതല ട്രാഫിക് പോലീസിൽ നിന്ന് ലോക്കൽ പോലീസിലേയ്ക്ക് മാറ്റാൻ തീരുമാനിച്ചു. ട്രാഫിക് പോലീസ് സ്റ്റേഷനുകളെ ട്രാഫിക് എൻഫോഴ്‌സ്‌മെന്റിനും നിയന്ത്രണത്തിനും മാത്രമാക്കാൻ ഉദ്ദേശിച്ചാണ് ഈ തീരുമാനം. അപകടങ്ങളുടെ അന്വേഷണ ചുമതല ലോക്കൽ പോലീസ് സ്റ്റേഷനുകളിലേയ്ക്ക് മാറുമ്പോൾ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങൾ കുറയ്ക്കുവാനും ഗതാഗത കുരുക്ക് ലഘൂകരിക്കാനും കഴിയും. ട്രാഫിക് പോലീസ് സ്റ്റേഷനുകളുടെ പേര് ‘ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ്’ എന്നാക്കി മാറ്റാനും തീരുമാനിച്ചു.
പുതുതായി ആരംഭിക്കുന്ന മട്ടന്നൂർ എയർപോർട്ട് (കണ്ണൂർ), ഇലവുംതിട്ട (പത്തനംതിട്ട), കണ്ണനല്ലൂർ (കൊല്ലം), പന്തീരാങ്കാവ് (കോഴിക്കോട്), ഉടുമ്പൻച്ചോല (ഇടുക്കി), മേൽപ്പറമ്പ് (കാസർകോട്) എന്നീ സ്റ്റേഷനുകളിലേക്ക് 186 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇതിനു പുറമേ 30 പേരെ സമീപ പോലീസ് സ്റ്റേഷനുകളിൽ നിന്ന് പുനർവിന്യസിക്കും.
ഇടമലക്കുടി ഗ്രാമപഞ്ചായത്തിൽ കൃഷിഭവൻ സ്ഥാപിക്കുന്നതിന് ഒരു കൃഷി ഓഫീസറുടേയും ഒരു കൃഷി അസ്റ്റിസ്റ്റന്റിന്റേയും തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.
കൊല്ലം ജില്ലയിൽ പുനലൂർ ആസ്ഥാനമായി പുതിയ റവന്യൂ ഡിവിഷൻ ആരംഭിക്കും. ഇതിനാവശ്യമായ തസ്തികകൾ സൃഷ്ടിക്കും.
തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ഡോ. ആശ തോമസിനെ നിയമിച്ചു.
നികുതി-എക്‌സൈസ് വകുപ്പിന്റെ അധിക ചുമതല അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് നൽകും.
ഐ.ആന്റ് പി.ആർ.ഡി സെക്രട്ടറി പി. വേണുഗോപാലിന് നികുതി വകുപ്പ് സെക്രട്ടറിയുടെയും വ്യവസായ വകുപ്പ് സെക്രട്ടറി സജ്ഞയ് കൗളിന് വൈദ്യുതി വകുപ്പിന്റെയും അധിക ചുമതല നൽകും.
ഭക്ഷ്യസെക്രട്ടറി മിനി ആന്റണിക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകും.
മുഹമ്മദ് ഹനീഷിന് കേരള സ്റ്റേറ്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ എം.ഡിയുടെ ചുമതല കൂടി നൽകും.
കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി ജോഷി മൃൺമയി ശശാങ്കിനെ ടൂറിസം അഡീഷണൽ ഡയറക്ടറായി നിയമിച്ചു.