സംസ്ഥാനത്ത് ആദ്യമായി സ്‌കൂൾ വിദ്യാർഥികൾക്കായി സമ്പൂർണ സുരക്ഷാ നീരീക്ഷണ പദ്ധതി ആലപ്പുഴയിൽ

ആലപ്പുഴ : സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികളെ നിരീക്ഷിക്കാൻ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സമ്പൂർണ സുരക്ഷാ നീരീക്ഷണ പദ്ധതി .സംസ്ഥാനത്ത് തന്നെ ആദ്യമായാണ് സ്‌കൂൾ വിദ്യാർഥികളുടെ സുരക്ഷയ്ക്കായി പോലീസിന്റെ നേതൃത്വത്തിൽ നീരീക്ഷണ പദ്ധതി ആവിഷ്‌കരിക്കുന്നത്.
സ്‌കൂളിൽ പോകാതെ കറങ്ങിനടന്ന് മദ്യവും മയക്കുമരുന്നും പോലെയുള്ള ലഹരിവസ്തുക്കൾക്ക് അടിമപ്പെടുകയും കൗമാര പ്രണയചതിക്കുഴികളിൽ വീഴുന്ന വിദ്യാർഥികളുടെ എണ്ണവും കൂടുന്ന സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രൻ കിഡ്‌സ് സേഫ് എന്ന പേരിൽ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള പരാതികൾ ആലപ്പുഴ ജില്ലയിൽ വർധിച്ചുവന്നിരുന്നു. ഇതിനൊരു പരിഹാരമാകാനാണ് ആലപ്പുഴയിൽ പൈലറ്റ് പദ്ധതി നടപ്പാക്കുന്നതെന്നും എസ്.പി പറഞ്ഞു.
ജില്ലയിലെ എല്ലാ സർക്കാർ-സി.ബി.എസ്.ഇ സ്‌കൂളുകളിലേയും വിദ്യാർഥികളുടെ ഹാജർ ബുക്ക് ഓൺലൈനിൽ അപ് ലോഡ് ചെയ്യുന്ന രീതിയിലാണ് പദ്ധതി പ്രവർത്തനമാരംഭിക്കുക. ഇതുവഴി മുൻകൂട്ടി അനുമതി വാങ്ങാതെ ക്ലാസിൽ ഹാജരാകാതിരുന്ന കുട്ടികളെക്കുറിച്ചുള്ള വിവരം അപ്പോൾ തന്നെ സ്ഥലത്തെ പോലീസ് സ്‌റ്റേഷനിൽ എത്തുകയും തുടർന്ന് രക്ഷകർത്താവിനെ നേരിട്ടോ ഫോൺ മുഖാന്തരമോ വിവരം അറിയിക്കാനുമാകും.കൂടാതെ സൈബർ ക്രൈം ബോധവത്കരണം, ലഹരി വസ്തുക്കൾക്കെതിരെയുള്ള ബോധവത്കരണം, വ്യക്തിത്വ വികസനം, സ്‌കൂൾ പരിസരങ്ങളിൽ മയക്കമരുന്ന് വിതരണ സാധ്യതകൾ തടയുന്നതിനുള്ള പരിശീലനവും പോലീസിന്റെ കിഡ്‌സ് സേഫ് പദ്ധതിയിൽ ഉൾപ്പെടുന്നു. സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11ന് പുന്നപ്ര അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്യും.

ജെ.അഖിലശ്രീ