ഒല്ലൂരില്‍ ശോച്യാവസ്ഥയിലായ റോഡ് രണ്ടുദിവസത്തിനകം സഞ്ചാര യോഗ്യമാക്കാന്‍ ജില്ലാഭരണകൂടത്തിന്‍റെ നിര്‍ദ്ദേശം. പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി എന്നിവയ്ക്കാണ് യുദ്ധകാലാടിസ്ഥാനത്തില്‍ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ ഡോ.എ.കൗശിഗന്‍ തകര്‍ന്ന റോഡിന്‍റെ സ്ഥിതി വിലയിരുത്താന്‍ എത്തിയതിനെ തുടര്‍ന്നാണ് അടിയന്തര നടപടി. തുടര്‍ന്ന് ഇന്നലെ(ശനി) എഡിഎം സി. ലതികയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
ഒല്ലൂരിലെ എസ്റ്റേറ്റ് മുതല്‍ കുരിയച്ചിറവരെയാണ് റോഡ് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്. മെറ്റല്‍, ക്വാറിവേസ്റ്റ് എന്നിവ നിരത്തി നാളെ (ഞായര്‍) മുതല്‍ ഇവിടെ പണിയാരംഭിക്കാന്‍ പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അതോറിറ്റിയും തമ്മില്‍ ധാരണയായി. രണ്ടുദിവസത്തിനകം പണി പൂര്‍ത്തിയാക്കി യാത്രക്കാരുടെ ക്ലേശങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് ജില്ലാകളക്ടറുടെ നിര്‍ദ്ദേശം. ഏറെ തിരക്കുള്ള ഒല്ലൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും യാത്ര വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണെന്ന പരാതിയിലാണ് കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്.
റോഡ് പണി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി തൃശൂരില്‍ നിന്നും തെക്കോട്ടുള്ള കെ.എസ്.ആര്‍.ടി.സി, മറ്റ് ഹെവി മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ ഐ.ടി.സി വഴിയും തിരിച്ച് തൃശൂരിലേക്ക് കുട്ടനെല്ലൂര്‍ വഴിയും തിരിച്ചുവിടാനും യോഗത്തില്‍ തീരുമാനമായി. ഒല്ലൂര്‍ മുതല്‍ തലോര്‍ വരെയുള്ള പ്രധാന പാതയുടെ ഉള്‍വഴികളും ഗതാഗതത്തിനായി തെരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിച്ചു. റോഡ് പണി നടക്കുന്നതിനാല്‍ തലോര്‍ മുതല്‍ കുരിയച്ചിറ വരെ പോലീസ് സേവനം കാര്യക്ഷമമായി നടപ്പാക്കാനും പണി നടക്കുന്നിടത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും ധാരണയായി. തിരക്കുകുറയ്ക്കാന്‍ ഒല്ലൂരില്‍ വണ്‍വേ സംവിധാനവും നടപ്പിലാക്കും. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാകുന്ന തരത്തിലായിരിക്കും ഇത.് യോഗത്തില്‍ അസിസ്റ്റന്‍റ് കളക്ടര്‍ പ്രേംകൃഷ്ണന്‍, ഒല്ലൂര്‍ ഡിവിഷന്‍ കൗണ്‍സിലര്‍ സി.പി. പോളി, ഒല്ലൂര്‍ എസ്.ഐ കെ.കെ.സജീവ്, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.