കാര്‍ഷിക പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിയുളള വികസന പ്രവര്‍ത്തനങ്ങളാണ് കുത്തൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്. പ്രദേശവാസികളില്‍ 75 ശതമാനം കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന കുത്തന്നൂര്‍ പഞ്ചായത്തില്‍ തെയ്യാണ്ടിക്കടവിലും കാക്കറക്കുണ്ടിലും രണ്ട് ചെക്ക് ഡാമുകള്‍ നിര്‍മിച്ചു. തെയ്യാണ്ടിക്കടവ് ചെക്ക് ഡാം നിര്‍മിച്ചതിലൂടെ 45 ഹെക്ടര്‍ സ്ഥലത്തും കാക്കറക്കുണ്ട് ഡാം നിര്‍മാണം പൂര്‍ത്തിയാക്കിയതിലൂടെ 50 ഹെക്ടര്‍ സ്ഥലത്തും കൃഷിക്ക് വെള്ളം ലഭിക്കുന്നുണ്ട്. കുത്തന്നൂര്‍ ഗ്രാമപഞ്ചായത്തിനു പുറമെ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിനും ഈ രണ്ട് ചെക്ക് ഡാമുകളുടെ പ്രയോജനം ലഭിക്കുന്ന രീതിയിലാണ് ഡാം നിര്‍മാണം നടത്തിയിരിക്കുന്നത്.
നെല്‍ കര്‍ഷകര്‍ക്കായി ഗ്രാമപഞ്ചായത്ത് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തുമായി ചേര്‍ന്ന് സംയുക്ത ഉഴവ് കൂലി പദ്ധതി നടപ്പാക്കി. കൂടുതല്‍ പേരെ നെല്‍കൃഷിയിലേയ്ക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. 35.66 ലക്ഷമാണ് കാര്‍ഷിക മേഖലയ്ക്കായി വിവിധ പദ്ധതികളിലൂടെ ചെലവഴിച്ചത്. 2018-19ല്‍ 76.87ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കാര്‍ഷിക രംഗത്ത് നടപ്പാക്കാന്‍ ഉദേശിക്കുത്.
നവകേരളം മിഷന്റെ ഭാഗമായി സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി ലൈഫിലൂടെ 308 ഭവന രഹിതര്‍ക്ക് വീട് നല്‍കുതിനായി 60 ലക്ഷം 2018-19ല്‍ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ ഇതിന്റെ ഭാഗമായി 36.35ലക്ഷവും പൊതുവിദ്യാഭ്യാസ വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 18.82 ലക്ഷവും ചെലവഴിക്കും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൃഷി അഭിവൃദ്ധിപ്പെടുത്താനും ശാസ്ത്രീയ രീതിയില്‍ മാലിന്യം സംസ്‌ക്കരണം സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 19.51 ലക്ഷമാണ് നീക്കിയിരിക്കുന്നത്.2017-18 വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തില്‍ 144.51ശതമാനം പുരോഗതിയാണ് കുത്തന്നൂര്‍ പഞ്ചായത്ത് കൈവരിച്ചത്. വനിതാ-ശിശു ക്ഷേമം, യുവജനങ്ങളുടെ വികസനം, പാലീയെറ്റീവ് രോഗികള്‍ക്കുള്ള ചികിത്സ എന്നിവയക്ക് 3.90 കോടിയോളം രൂപയാണ് ചെലവഴിച്ചത്. എല്ലാ മാസവും ആദ്യ ആഴ്ചയില്‍ തന്നെ യോഗം ചേര്‍ന്ന് വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തിയാണ് ഈ നേട്ടം കൈവരിച്ചത്. പദ്ധതി നിര്‍വഹണത്തിനുണ്ടാവുന്ന തടസങ്ങള്‍ കൃത്യമായി പരിശോധിച്ച് വാര്‍ഡ് അംഗങ്ങളുടെ ഇടപെടലിലൂടെ പരിഹരിക്കും. ഇതിനൊപ്പം ഗുണഭോക്താകളെ ലക്ഷ്യത്തിലെത്തിക്കാനും പ്രത്യേകം ശ്രദ്ധിച്ചാണ് ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനരീതി.
2016-17 വര്‍ഷത്തില്‍ ലോക ബാങ്കിന്റെ ധനസഹായത്തോടെ കൂത്തന്നൂരില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹൈടെക് മാതൃകയിലുള്ള ഗാസ് ക്രിമറ്റോറിയം സ്ഥാപിച്ചു. സിവില്‍ വര്‍ക്ക്് കെട്ടിട നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഇ-ടെന്‍ഡര്‍ ചെയ്തതില്‍ നിന്നും ലഭിച്ച ലാഭം ഉപയോഗിച്ച് തോലൂരില്‍ 15 ലക്ഷം ചെലവില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റര്‍ നിര്‍മിച്ചു. ഗാസ് ക്രിമറ്റോറിയത്തിന്റെ അവസാന ഘട്ട നിര്‍മാണത്തിന്റെ ലാഭം ഉപയോഗിച്ച്് ക്രിമറ്റോറിയത്തിലേയ്ക്കുള്ള അപ്രോച്ച് റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്ന നിര്‍മാണവും പൂര്‍ത്തിയാക്കുകയുണ്ടായി.