സംസ്ഥാന സര്‍ക്കാരിന്റെ മുറ്റത്തെ മുല്ല- ലഘു ഗ്രാമീണ വായ്പാ പദ്ധതിയുടെ ആദ്യ ഘട്ട തുക ജൂലൈ 15നകം വിതരണം ചെയ്യും. ആദ്യ ഘട്ടത്തില്‍ 9.40 ലക്ഷമാണ് വിതരണം ചെയ്യന്നത്. ബ്ലേഡ് പലിശക്കാരുടെയും സ്വകാര്യ മൈക്രോ ഫിനാന്‍സ് കമ്പനികളുടെയും സാമ്പത്തിക ചൂഷണത്തില്‍ നിന്നും സാധാരണക്കാരും പാവപ്പെട്ടവരുമായ ജന സമൂഹത്തെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജനങ്ങളെ കൂടുതലായി സാമ്പത്തിക ഉയര്‍ച്ചയിലേക്ക് നയിക്കുകയും അവരില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്താനും പദ്ധതിയിലൂടെ ശ്രമിക്കുമെന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.കെ. ബാബു പറഞ്ഞു. സംസ്ഥാന സഹകരണ വകുപ്പും കുടുംബശ്രീയും സംയുക്തമായാണ് വായ്പാ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ 94 പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും 10 ലക്ഷം വീതമാണ് നല്‍കുന്നത്. വായ്പാ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും വായ്പ വിതരണം ചെയ്യുന്നതിനും കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഓരോ സഹകരണ സംഘവും ഈ തുക പദ്ധതി നടപ്പാക്കാന്‍ തെരഞ്ഞെടുത്തിട്ടുള്ള കുടുംബശ്രീ യൂനിറ്റിന് നല്‍കും. ഒരാള്‍ക്ക് പരമാവധി 25,000 രൂപയാണ് ആദ്യ ഘട്ടത്തില്‍ വായ്പയായി നല്‍കുക. 12ശതമാനം വാര്‍ഷിക പലിശയാണ് പദ്ധതിയില്‍ ഇടാക്കുന്നത്്. ഒമ്പത് ശതമാനം പരിശ പ്രാഥമിക സഹകരണ ബാങ്കിനും ബാക്കി മൂന്ന് ശതമാനം കുടുംബശ്രീ യൂനിറ്റിന് പദ്ധതി നടത്തിപ്പിനായി ഉപയോഗിക്കാം. 52 ആഴ്ച കാലയളവാണ് വായ്പ തിരിച്ചടവിനായുള്ളത്. ആഴ്ചയില്‍ പണം തിരിച്ചടക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. മൂന്ന് മാസം വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്നും പണം തിരിച്ച് പിടിക്കാനുള്ള ചുമതല ബാങ്കിനാണ്. പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി യൂനിറ്റ് തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സഹകരണ സംഘം സെക്രട്ടറി കണ്‍വീനറായും ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സഹകരണ സംഘം രജിസ്ട്രാര്‍ കണ്‍വീനറുമായ മോണിറ്ററിങ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീ പ്രതിനിധി, സഹകരണ ബാങ്ക് ഭരണ സമിതി പ്രതിനിധി, സഹകരണ വകുപ്പ് ഉദ്യോഗസ്ഥന്‍, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ ഏഴ് അംഗങ്ങളാണ് കമ്മിറ്റിയുലുള്ളത്. ഒരു വാര്‍ഡില്‍ പരമാവധി മൂന്ന് യൂനിറ്റുകള്‍ വരെ പദ്ധതിയുടെ ഭാഗമാകുന്ന തലത്തിലേക്ക് പദ്ധതിയെ ഉയര്‍ത്താനാണ് സഹകരണ വകുപ്പ് ലക്ഷ്യം വെയ്ക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഒരാള്‍ക്ക് നല്‍കുന്ന തുക 25,000ല്‍ നിന്നും 50,000മായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശവും പരിഗണനയിലാണ്.