ദിവസങ്ങളായി നീണ്ടു നില്‍ക്കുന്ന മഴക്കെടുതിയില്‍ ജില്ലയിലെ രക്ഷാദൂതരായി എത്തിയിരിക്കുന്നത് ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങളാണ്. 45 പേരടങ്ങുന്ന സേന 22 പേരടങ്ങുന്ന രണ്ടു വിഭാഗമായി തിരിഞ്ഞ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ആറുകള്‍ കരകവിഞ്ഞ്   ഒറ്റപ്പെട്ടു കിടക്കുന്ന പൂവത്തുംമൂട്, ഇറഞ്ഞാല്‍, കൊശമറ്റം കോളനി എന്നിവടങ്ങളില്‍  നിന്നും നിരവധി കുടുംബങ്ങളെ സേന സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചു. ദേശീയ ദുരന്തനിവാരണസേനയുടെ തൃശൂരില്‍ നിന്നെത്തിയ  സംഘമാണ്  രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഏറ്റവും ആധുനികമായ ഉപകരണങ്ങളാണ് സേനയുടെ കൈവശമുള്ളത്. കാറ്റു നിറച്ച് വീര്‍പ്പിച്ചെടുക്കുന്ന റാഫ്റ്റിംഗ് ബോട്ടിലാണ് ആളുകളെ കരയ്‌ക്കെത്തിക്കുന്നത്. മോട്ടോര്‍ ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലാണ് ബോട്ട് സജ്ജീ്ജീകരിച്ചിരിക്കുന്നത്. മുങ്ങല്‍ വിദഗ്ധരടങ്ങുന്ന ഒരു  സംഘവും സേനയിലുണ്ട്. ഓക്‌സിജന്‍ ആവശ്യമായവര്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിനായി സിലിണ്ടറുകള്‍, ഭിത്തികള്‍ മുറിച്ചുമാറ്റേണ്ടി വന്നാല്‍ അതിനാവശ്യമായ കട്ടിംഗ് മെഷീനുകള്‍ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. വൈദ്യുതി, ടെലഫോണ്‍ സൗകര്യങ്ങള്‍ വിഛേദിക്കപ്പെടുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാവുന്ന സാറ്റലൈറ്റ്  കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍, വെള്ളത്തിനടിയിലുള്ള തിരച്ചില്‍ ഉപകരണങ്ങള്‍, ലൈഫ് ജാക്കറ്റുകള്‍ തുടങ്ങിയവയും സേനയുടെ പക്കലുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ ജില്ലയിലെത്തിയിരിക്കുന്ന ടീമിനെ നയിക്കുന്നത്  എന്‍ ഡിആര്‍ എഫ് ഫോര്‍ത്ത് ബറ്റാലിയന്‍ സീനിയര്‍ കമാന്റന്റ് രേഖ നമ്പ്യാര്‍ ആണ്. റീജിയണല്‍  റെസ്‌പോണ്‍സ് സെന്റര്‍ അസി.കമാന്റന്റ് ജിതേഷ് ടി.എം, ഇന്‍സ്‌പെക്ടര്‍ വി.എസ് സിംഗ്, എ എസ് ഐ സുരേന്ദ്രന്‍ വി.ബി തുടങ്ങിയവരും ടീമിലുണ്ട്.