സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യംവെച്ചുകൊണ്ടാണ് പുതിയ വ്യവസായ നയം രൂപീകരിച്ചിരിക്കുന്നതെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. പുതിയ വ്യവസായ നയം വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം അവരുടെയൊക്കെ അഭിപ്രായം കേട്ട ശേഷമാണ് പുതിയ നയം രൂപീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് പുതിയ നിക്ഷേപകരെ കൊണ്ടുവരേണ്ടതുണ്ട്. പരിസ്ഥിതിക്ക് അനുയോജ്യമായ വികസനമാണ് സര്‍ക്കാര്‍  മുന്നോട്ട് വെയ്ക്കുന്നത്. രണ്ടു വര്‍ഷംകൊണ്ട് വ്യവസായ രംഗത്ത് വികസനക്കുതിപ്പിന് കഴിഞ്ഞിട്ടുണ്ട്. പുതിയ നയമനുസരിച്ചുള്ള പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പാക്കുന്നതോടെ ഇത് പൂര്‍ണമാകും.
ഭൂമിയുടെ ലഭ്യതക്കുറവും ജനസാന്ദ്രതയും വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തും. വിവിധതരം നിര്‍മ്മാണങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ മറ്റ് രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യും. ധാതുമണല്‍ ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രദേശവാസികളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍നിന്നും മണല്‍ അയല്‍സംസ്ഥാനങ്ങളിലേയക്ക് കടത്തിക്കൊണ്ടു പോകുന്നത് തടയാന്‍ എല്ലാവരും ഒറ്റക്കെട്ടായി സഹകരിക്കണം. സര്‍ക്കാര്‍ നയങ്ങള്‍ അട്ടിമറിക്കുന്ന തരത്തിലുള്ള വികസനത്തിനൊപ്പം നില്‍ക്കില്ല. വ്യവസായ കോറിഡോര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ചശേഷം തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍, കെ.എസ്.ഐ.ഡി.സി എം. ഡി എം.ബീന, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ. ബിജു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.