തിരിമുറിയാത്ത കര്‍ക്കിടക മഴയില്‍ കുത്തിയൊഴുകുന്ന ചാലിപ്പുഴയില്‍ കയാക്കിങ് പ്രൊഫഷണല്‍ താരങ്ങളുടെ മിന്നും പ്രകടനം. ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിന്റെയും ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന്റെയും മൂന്നാദിനം അന്താരാഷ്ട്ര താരങ്ങളുടെയും ഇന്ത്യന്‍ താരങ്ങളുടെയും മികച്ച പ്രകടനത്തിനാണ് കാണികള്‍ സാക്ഷികളായത്. ഒളിമ്പിക് താരങ്ങളുള്‍പ്പെട്ട വിഭാഗത്തില്‍ പൊരുതിയ ഇന്ത്യന്‍ താരങ്ങളും ഉന്നത നിലവാരം പുലര്‍ത്തി. രണ്ടു ദിവസമായി നിര്‍ത്താതെ പെയ്ത മഴയില്‍ പുലിക്കയം ചാലിപ്പുഴയില്‍ ജലനിരപ്പ് അപകടകരമായ രീതിയിലാണ് ഉയര്‍ന്നത്. അതുകൊണ്ട് തന്നെ മത്സരത്തിലെ ഓരോ നിമിഷവും താരങ്ങള്‍ക്ക് നിര്‍ണായകമായി. പതഞ്ഞുയരുന്ന ജലനിരപ്പിലൂടെയുള്ള കയാക് താരങ്ങളുടെ പ്രകടനം കായിക രംഗത്തെ അപൂര്‍വ നിമിഷങ്ങളാണ് കാണികള്‍ക്ക് സമ്മാനിച്ചത്.
പ്രൊഫഷണല്‍ താരങ്ങള്‍ മാത്രമടങ്ങുന്ന, ഒളിമ്പിക്‌സ് ഇനമായ കെ-വണ്ണില്‍ ഉള്‍പ്പെട്ട സ്ലാലോം റെയ്‌സ് വിഭാഗത്തിലാണ് വെള്ളിയാഴ്ച മത്സരം നടന്നത്. 300 മീറ്റര്‍ ദൂരത്തില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച ഗ്രീന്‍ ഗേറ്റുകളായ ഏഴ് ഡൗണ്‍ സ്ട്രീം ഗേറ്റുകളും റെഡ് ഗേറ്റുകളായ രണ്ട് അപ്‌സ്ട്രീം ഗേറ്റുകളും കടന്ന് വിജയകരമായി ഫിനിഷിങ് പോയിന്റിലെത്തുകയെന്നത് താരങ്ങള്‍ക്ക്് വന്‍വെല്ലുവിളിയായിരുന്നു. മലവെള്ളത്തില്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ കുതിച്ചു പായുന്ന പുഴയില്‍ കയാക്കുകള്‍ മറിയുമ്പോള്‍ കാണികളുടെ നെഞ്ചിടിപ്പേറി. ഗേറ്റുകളില്‍ ശരീരമോ കയാക്കോ, തുഴയോ തൊട്ടാല്‍ രണ്ട് സെക്കന്റും ഗേറ്റുകള്‍ കടക്കാതെ പോയാല്‍ 50 സെക്കന്റും ഫിനിഷിങ് സമയത്തില്‍ താരങ്ങള്‍ക്ക് പിഴ ചുമത്തും. ഇത് കണക്കാക്കിയാണ് മത്സര വിജയികളെ പ്രഖ്യാപിക്കുക. വെള്ളിയാഴ്ച രണ്ട് യോഗ്യതാ റൗണ്ടുകളില്‍ 25ലധികം വിദേശ താരങ്ങളടക്കം 50 താരങ്ങളാണ് പങ്കെടുത്തത്. ഒളിമ്പിക്‌സ് താരം ന്യൂസിലന്റുകാരന്‍ മൈക് ഡോസന്‍, 59 വയസുകാരനായ ഇറ്റലിക്കാരല്‍ ജിജി റിസറ്റ്‌ലി, 56 കാരനായ ഓസ്‌ട്രേലിയക്കാരന്‍ ഇയാന്‍ വിന്‍സന്റ് തുടങ്ങി ലോകോത്ത താരങ്ങളാണ് ഓളപ്പരപ്പില്‍ ആവേഷം തീര്‍ത്തത്. ഇവര്‍ക്കൊപ്പം നില്‍ക്കുന്ന പ്രകടനങ്ങളുമായി ഇന്ത്യന്‍ താരങ്ങളും മത്സരത്തെ ആവേശഭരിതമാക്കി. കോടഞ്ചേരി സ്വദേശി നിസുല്‍ ജോസും, പുല്ലൂരാംപാറക്കാരന്‍ നിധിന്‍ദാസും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി.
യോഗ്യതാ റൗണ്ടുകളില്‍ മികച്ച സമയം കുറിച്ച അഞ്ച് പേര്‍ വനികളുടെയും 20 പേര്‍ പുരുഷന്മാരുടെയും വിഭാഗത്തില്‍ ഫൈനലിലെത്തി. എട്ട ഇന്ത്യക്കാരാണ് ഫൈനലില്‍ സ്ഥാനം പിടിച്ചത്.   വെള്ളിയാഴ്ച നടന്ന സ്ലാലോം റെയ്‌സ് വിഭാഗത്തില്‍ ഒളമ്പിക്‌സ് താരം ന്യൂസിലന്റുകാരന്‍ മൈക് ഡോസന്‍ ജേതാവായി. സ്‌പെയിന്‍കാരന്‍ ഗര്‍ഡ് സെറാസോള്‍സ് രണ്ടാംസ്ഥാനവും അമേരിക്കക്കാരനായ ഡെയിന്‍ ജാക്‌സണ്‍ മൂന്നാംസ്ഥാനവും നേടി. മലബാര്‍ റിവര്‍ ഫെസ്റ്റിവലിലെ മുന്‍ ‘റാപിഡ് രാജ’യാണ് മൈക് ഡോസന്‍. നാല് മത്സരയിനങ്ങളിനും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവരെയാണ് ‘റാപിഡ് രാജ’യായി തെരഞ്ഞെടുക്കുന്നത്. വനിതകളുടെ വിഭാഗത്തില്‍ ഫ്രാന്‍സിന്റെ നൗറിയ ന്യൂമാന്‍ ഒന്നാംസ്ഥാനം നേടി. നെതര്‍ലാന്‍ഡ്‌സിന്റെ മാര്‍ട്ടിന വെഗ്മാന്‍ രണ്ടും അമേരിക്കയുടെ നിക്കോളോ മാന്‍സ്ഫീല്‍ഡ് മൂന്നാംസ്ഥാനവും നേടി.