മരങ്ങളും മുളങ്കൂട്ടങ്ങളും കല്ലും മണ്ണും വീണ് ഗതാഗതം തടസപ്പെട്ട അട്ടപ്പാടി ആനവായ് ഊരിനും തടിക്കുണ്ട് ഊരിനും ഇടയിലെ റോഡ് വനംവകുപ്പും എക്കോഡവലപ്മെന്റ് കമ്മിറ്റിയും ചേര്‍ന്ന് ഗതാഗതയോഗ്യമാക്കി. കനത്ത മഴയെതുടര്‍ന്ന് ആനവായ് റോഡിലെ ഗതാഗതം തടസപ്പെടുകയായിരുന്നു. നിയമപ്രകാരം ടെന്‍ഡര്‍ നടപടികള്‍ക്ക്് കാലതാമസം നേരിടുമെന്നതിനാല്‍ അടിയന്തരമായി ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി മുഖേന വനംവകുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി പ്രദേശവാസികളെ ഉള്‍പ്പെടുത്തി രൂപീകരിച്ചിരിക്കുന്ന സംവിധാനമാണ് എക്കോ ഡവലപ്മെന്റ് കമ്മിറ്റി. ഓരോ ഊരിനും ഓരോ കമ്മിറ്റികള്‍ ഉണ്ട്. ഊരിലെ മുഴുവന്‍ ആളുകളും കമ്മിറ്റിയില്‍ അംഗമായിരിക്കും. കൂടാതെ ഏഴു പേരടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മിറ്റിയും ഉണ്ട്. ഇതില്‍ വനം വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ തലവനായിരിക്കും. വനം വകുപ്പ് ഇത്തരത്തിലുളള അടിയന്തര പ്രവര്‍ത്തനങ്ങള്‍ ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി മുഖേന നിര്‍വഹിക്കാറുണ്ട്.