കൊച്ചി: പേരണ്ടൂര്‍ കനാലിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. കമ്മട്ടിപ്പാടം, പി ആന്‍ഡ് ടി കോളനി, ഉദയ കോളനി സ്‌ട്രെച്ചുകളിലാണ് പോള നീക്കല്‍ നടക്കുന്നത്. പോള വാരി കനാലിലെ നീരൊഴുക്ക് സുഗമമാക്കുകയാണ് ചെയ്യുന്നത്. നാല് ഫ്‌ളോട്ടിംഗ് ജെസിബികള്‍ ഉപയോഗിച്ചാണ് ശുചീകരണം പുരോഗമിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള എത്തി. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. ജിസിഡിഎ മാര്‍ക്കറ്റ് മുതല്‍ പി ആന്‍ഡി ടി കോളനി വരെയുള്ള കനാലിന്റെ ഭാഗം ജൂലൈ 30 ന് ശുചീകരണം പൂര്‍ത്തിയാക്കുമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി എ.എസ്. അനൂജ അറിയിച്ചു.

പേരണ്ടൂര്‍ കനാല്‍ ശുചീകരണം അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരമാനിച്ചിരുന്നു. കഴിഞ്ഞ മാസം 26 നു ആരംഭിച്ച പോള നീക്കല്‍ ഇടയ്ക്ക് തടസപ്പെട്ടിരുന്നു. നഗരപരിധിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പേരണ്ടൂര്‍ കനാലിലെ പോളയും മാലിന്യങ്ങളും ഉടന്‍ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പേരണ്ടൂര്‍ കനാല്‍ ശുചീകരണം സംബന്ധിച്ച് അടുത്ത ദിവസം കോടതിയില്‍ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആകെ 10.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാലിന്റെ 3.7 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ ശുചീകരിക്കുന്നത്. 5.85 ലക്ഷം രൂപ ചെലവിലാണ് ശുചീകരണപ്രവൃത്തികള്‍ നടക്കുന്നത്. സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ ഗാന്ധി നഗര്‍ വരെയുള്ള ഭാഗത്താണ് ഏറ്റവുമധികം വെള്ളക്കെട്ടുള്ളത്. ഇതേ തുടര്‍ന്നാണ് ഈ ഭാഗം അടിയന്തിരമായി പോള നീക്കി വൃത്തിയാക്കുന്നത്. കമ്മട്ടിപ്പാടവും വൃത്തിയാക്കും.

കലൂര്‍ പേരണ്ടൂര്‍ മുതല്‍ തേവര വരെയുള്ള കനാലിന്റെ മുഴുവന്‍ ഭാഗങ്ങളുടെ ശുചീകരണം അടുത്ത മാസം ആരംഭിക്കും. അമൃത് പദ്ധതി പ്രകാരമാണ് കനാല്‍ ശുചീകരിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രിലോടെ ശുചീകരണം പൂര്‍ത്തിയാക്കും. 16 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാന്‍ അടുത്ത ദിവസം കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു.