കൊങ്ങോര്‍പ്പിള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു

ആലങ്ങാട്: കുട്ടികളുടെ സാമൂഹികമായ വളര്‍ച്ചക്ക് ജനങ്ങളുടെ പങ്കാളിത്തം സുപ്രധാനമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊങ്ങോര്‍പ്പിള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച അഞ്ച് കോടി രൂപയും എംഎല്‍എ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 72 ലക്ഷം രൂപയും ഉള്‍പ്പെട്ട അടങ്കലിലുള്ള പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനമാണ് നടന്നത്. ആരോഗ്യ  രംഗത്തും വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളിലൂടെ സാധാരണക്കാര്‍ മികവിലേക്ക് ഉയരുകയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ഒരു നിശബ്ദ വിപ്ലവമാണ് വിദ്യാഭ്യാസ രംഗത്ത് നടക്കുന്നത്. ഓരോ മണ്ഡലത്തിലേയും എംഎല്‍എമാര്‍ തെരഞ്ഞെടുത്ത മികവിന്റെ കേന്ദ്രങ്ങള്‍ക്ക് പുറമെ തീരദേശ മേഖലയിലെ നൂറ്റിയന്‍പതോളം വിദ്യാലയങ്ങളും ഈ നിലവാരത്തിലേക്ക് ഉയര്‍ത്തേണ്ടതുണ്ട്. തീരദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന കൊടുത്ത് ഇത്തരം വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ കിഫ്ബിയിലേക്ക് വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.

സര്‍ക്കാരിന്റെ കാഴ്ചപ്പാട് സമഗ്രമാണ്. പിന്നോക്കവത്ക്കരിക്കപ്പെട്ട സമൂഹത്തിന് അത്താണിയായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ മൂന്ന് ലക്ഷത്തോളം കുട്ടികളാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് എത്തിയത്. മികച്ച നിലവാരത്തിലാണ് ഇന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം. സ്മാര്‍ട്ട് ക്ലാസുകള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, പ്രൊജക്ടറുകള്‍, അത്യാധുനിക സാഹചര്യങ്ങള്‍, നല്ല സിലബസ്, മികച്ച നിലവാരത്തിലുള്ള പരിശീലനം ലഭിച്ച അധ്യാപകര്‍ എന്നിങ്ങനെ നിരവധി സൗകര്യങ്ങളാണ് ഇന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളിലുള്ളത്. കുട്ടികളുടെ കഴിവിനേയും അവരുടെ ശേഷിയേയും വികസിപ്പിക്കലാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ചെയ്യുന്നത്. ഡിഗ്രി തലം കഴിയുന്നതോടെ സമൂഹത്തിലെ ഏത് പ്രതിസന്ധിയേയും തരണം ചെയ്യാന്‍ പ്രാപ്തരായി കുട്ടികള്‍ മാറുകയാണ്. കുട്ടികള്‍ പുസ്തകപ്പുഴുക്കളായി മാത്രം മാറുന്ന അണ്‍ എയ്ഡഡ് സംസ്‌കാരം വളരെ വലിയ സാമൂഹ്യ പ്രശ്‌നമാണ് നമ്മളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത്. ഇത് തിരിച്ചറിയണം. കുഞ്ഞുങ്ങള്‍ക്ക് ചുറ്റുപാടും കണ്ണുതുറന്നു കാണാനും കാര്യങ്ങളോട് ആരോഗ്യകരമായ പ്രതികരിക്കാന്‍ കഴിയുന്ന തരത്തില്‍ ജനങ്ങള്‍ക്ക് അവരെ സഹായിക്കാനും കഴിയുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥപൂര്‍ണമാകുന്നതെന്നും മന്ത്രി പറഞ്ഞു.

കൊങ്ങോര്‍പ്പിള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ എം.കെ സുന്ദര്‍ലാല്‍ സ്‌കൂള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൈറ്റ്‌സ് പ്രോജക്ട് മാനേജര്‍ ഗോപാലകൃഷ്ണപിള്ള കെ.ബി പദ്ധതി വിശദീകരണം നടത്തി. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജോര്‍ജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജയ്‌സിംഗ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീബ ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഹമീദ്ഷാ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ജാന്‍സി ദേവസിക്കുട്ടി, സ്മിത ജിതേഷ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റര്‍ ജോര്‍ജ് ബാസ്റ്റിന്‍, ആലുവ ഡി.ഇ.ഒ വല്‍സല കുമാരി, ആലുവ എ.ഇ.ഒ. ലിസ മാത്യു പി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.കെ പ്രഭാമയി, പിടിഎ പ്രസിഡന്റ് പി.വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.