ഷെഡ്യൂള്‍ എച്ച് വണ്‍ രജിസ്റ്റര്‍ സൂക്ഷിക്കാത്ത മെഡിക്കല്‍ ഷോപ്പുകളുടെ ലൈസന്‍സ് ഉടന്‍ റദ്ദു ചെയ്യുമെന്ന് അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോള്‍ ഓഫീസര്‍ പി.എം.ജയന്‍ പറഞ്ഞു. ക്ഷയരോഗത്തിന് നല്‍കുന്ന മരുന്നുകളാണ് എച്ച് വണ്‍ രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടത്. ഡോക്ടറുടെ കുറിപ്പില്ലാതെ ആവശ്യപ്പെടുന്ന മരുന്നുകള്‍ നല്‍കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ടി.ബി സെന്ററുമായി ചേര്‍ന്ന് അലോപ്പതി ഔഷധ ചില്ലറ വ്യാപാരികള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കുമായി നടത്തിയ ക്ഷയരോഗമരുന്നുകളുടെ വിപണനം സംബന്ധിച്ച ബോധവത്ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷയരോഗത്തിനുള്ള മരുന്നുള്‍പ്പെടെ പല മരുന്നുകളുടേയും ദുരുപയോഗം വ്യാപകമായി നടക്കുന്നുണ്ട്. അതിനാല്‍ ഷെഡ്യൂള്‍ഡ് എച്ച് വണ്‍ രജിസ്റ്ററില്‍ രോഗി, ഡോക്ടര്‍, മരുന്ന് എന്നിവയുടെ പേരും നല്‍കിയ മരുന്നിന്റെ എണ്ണവും രേഖപ്പെടുത്തണം. കൂടാതെ രോഗി തരുന്ന ഡോക്ടറുടെ കുറിപ്പില്‍ മരുന്നു നല്‍കിയതായി രേഖപ്പെടുത്തണം. ഇതേ കുറിപ്പുപയോഗിച്ച് വീണ്ടും മരുന്ന് വാങ്ങാതിരിക്കാനാണിത്. മെഡിക്കല്‍ ഷോപ്പുകള്‍ അവര്‍ക്കു ലഭിക്കുന്ന ക്ഷയരോഗ മരുന്നുകളുടെ കുറിപ്പ് ജില്ലാ ടി.ബി ഓഫീസര്‍ക്ക് കൈമാറണം. രോഗിയുടെ മുഴുവന്‍ വിവരങ്ങളും ഇതിലുണ്ടാവണം. മരുന്നു കഴിക്കാന്‍ വിട്ടുപോവുന്നവരെ കണ്ടെത്തി ചികിത്സിക്കാന്‍ ഇതിലൂടെ കഴിയും. ജില്ലാ ടി.ബി.ഓഫീസര്‍ മാസത്തില്‍ ഒരു തവണ മെഡിക്കല്‍ ഷോപ്പുകള്‍ സന്ദര്‍ശിച്ച് ഈ വസ്തുതകള്‍ വിലയിരുത്തുകയും ചെയ്യും. ഏറെക്കുറെ നിര്‍മാര്‍ജനം ചെയ്യപ്പെട്ട രോഗമാണ് ക്ഷയം. നിര്‍ദ്ദേശിക്കപ്പെട്ട മരുന്ന് തുടര്‍ച്ചയായി കഴിക്കാത്തതു മൂലമാണ് ചിലരിലെങ്കിലും രോഗം നിലനില്‍ക്കുന്നത്. 46 തരം മരുന്നുകളാണ് ക്ഷയരോഗത്തിനുള്ളത്. ഇവയില്‍ നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ കൃത്യമായി കഴിച്ചാല്‍ രോഗത്തെ തടയാന്‍ കഴിയുമെന്ന് ക്ലാസെടുത്ത ജില്ലാ ടി.ബി.ഓഫീസര്‍ എ.കെ.അനിത പറഞ്ഞു.
സെപ്റ്റംബര്‍ ഒന്നു മുതല്‍ ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഓക്സിടോസിന്‍ ഒഴിവാക്കണമെന്ന് ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ എം.സി.നിഷിത് പറഞ്ഞു. പാലുല്‍പാദനത്തിലും മറ്റു രീതികളിലും ഓക്സിടോസിന്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെ തുടര്‍ന്നാണ് നടപടി. വിപണിയില്‍ ലഭിക്കുന്ന പല ആന്റിബയോട്ടിക്കുകളും ഫലപ്രദമല്ല. ഇവ ഉപയോഗിച്ചതിനെ തുടര്‍ന്ന് ധാരാളം മരണങ്ങളും ഉണ്ടായിട്ടുണ്ട്. ഇവയില്‍ പലതും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. അതിനാല്‍ ഇത്തരം മരുന്നുകള്‍ക്ക് കുറിപ്പ് നിര്‍ബന്ധമായും ആവശ്യപ്പെടണം. മരുന്നുകള്‍ അവയില്‍ രേഖപ്പെടുത്തിയിട്ടുള്ള താപനിലയില്‍ തന്നെ സൂക്ഷിക്കണം. കൂടാതെ ബാച്ച് നമ്പര്‍, കാലാവധി, എന്നിവ കൃത്യമായി രേഖപ്പെടുത്തുകയും പര്‍ച്ചേസ് ഓര്‍ഡര്‍ മൂന്നു വര്‍ഷം വരെ സ്ഥാപനത്തില്‍ സൂക്ഷിക്കുകയും ചെയ്യണം. മെഡിക്കല്‍ ഷോപ്പില്‍ നടത്തുന്ന പരിശോധനയില്‍ പര്‍ച്ചേസ് ബില്‍ ഹാജരാക്കാതിരുന്നാല്‍ ആറ് മാസം വരെ തടവ് ലഭിക്കുന്ന കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ ക്ഷയരോഗനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ടാണ് ബോധവത്ക്കരണപരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സീനിയര്‍ സൂപ്രണ്ട് സി.രാജീവ്, എസ്.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.