കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകർക്ക് ശാസ്ത്ര- സാങ്കേതിക മേഖലയിൽ മികച്ച പരിശീലനം നല്കി അന്താരാഷ്ട്രതലത്തിലേയ്ക്കുയർത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ സജ്ജമാക്കിയ ഹൈടെക് ക്ലാസ് മുറികളുടെ ഇടുക്കി രൂപതാതല ഉദ്ഘാടനം മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയർസെക്കൺണ്ടറി സ്‌കൂളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈടെക് സംവിധാനം ഉപയോഗിക്കാൻ അധ്യാപകരെ പ്രാപ്തരാക്കുന്നതിന് കഴിഞ്ഞ അവധിക്കാലത്ത് പരിശീലനം നല്കിയിരുന്നു. അടുത്തഘട്ടമായി ജില്ലാതലത്തിൽ പരിശീലനം നല്കും. സർക്കാർ ഈ വർഷം വിദ്യാഭ്യാസമേഖലയിൽ മികവിന്റെ വർഷമായാണ് ആചരിക്കുന്നത്. ജില്ലയിലെ പൊതുവിദ്യാഭ്യാസമേഖലയ്ക്ക് വലിയസംഭാവനകൾ നല്കാൻ ഇടുക്കി രൂപതയ്ക്ക് കഴിഞ്ഞു. വിദ്യാഭ്യാസരംഗത്ത് സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേരളത്തിലാദ്യമായി ഫയൽ ഓഡിറ്റിംഗ് നടത്തുവാനും തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
ഇടുക്കി രൂപതാധ്യക്ഷൻ മാർ.ജോൺ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസമേഖലയിൽ കാര്യക്ഷമമായ മാറ്റം വരുത്താൻ സർക്കാരിന് സാധിച്ചതായും ഹൈടെക് ക്ലാസ് മുറികൾ പ്രയോജനപ്രദമായി വിനിയോഗിക്കാൻ കഴിയണമെന്നും അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. റോഷി അഗസ്റ്റിൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളിനും കുട്ടികൾക്കും മാനേജ്‌മെന്റിനും മാത്രമുളളതല്ല വിദ്യാഭ്യാസ ഉത്തരവാദിത്വമെന്നും രക്ഷിതാക്കൾക്കും കാലാനുസ്തൃതമായ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി രൂപതയിലെ സ്‌കൂളുകളിലെ ഹൈസ്‌കുൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലെ 208 ക്ലാസ്മുറികളാണ് ഹൈടെക് ആക്കിമാറ്റിയത്. ഈ സംവിധാനം നടപ്പാക്കുന്നതിന് സാങ്കേതികമായി പ്രവർത്തിച്ച ഇ-മൈയിന്റ്‌സ് ഐ ടി സൊലൂഷൻസിനെ മന്ത്രി ഉപഹാരം നല്കി ആദരിച്ചു. സ്‌കൂൾ മാനേജർ ഫാ.ജോസ് നരിതൂക്കിൽ ആമുഖപ്രസംഗം നടത്തി. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി ഫാ. ജോർജ് തകിടിയേൽ, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാജു, ജില്ലാപഞ്ചായത്തംഗങ്ങളായ നോബിൾ ജോസഫ്, സുനിത സജീവ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പ്രദീപ് ജോർജ്, ജിജോ എം.തോമസ്, ഫാ. അഗസ്റ്റ്യൻ കുത്തനാപ്പിളളിൽ, സണ്ണി എൻപി, സണ്ണി പൈമ്പിളളിൽ, പി.ആർ. സജീവ്, ജിമ്മി നടുവത്തേട്ട്, ഷൈനി സജി, ഡെയ്‌സി അഗസ്റ്റ്യൻ, ബിജുമോൻ ജോസഫ്, സിസ്റ്റർ അൽഫോൻസ, സിബിച്ചൻ തോമസ്, മൃദുല മോഹൻ, സിബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.