ആലപ്പുഴ:    കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് പിന്നാലെ ജലജന്യരോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാൻ ആയുർവേദ വകുപ്പും രംഗത്ത്. ദേശീയ ആയുഷ്മിഷനും ഭാരതീയ ചികിത്സാ വകുപ്പിന്റെയും  നേതൃത്വത്തിൽ 45 ആയുർവേദ ഡോക്ടർമാരുടെ സംഘമാണ് കുട്ടനാട്ടിൽ ചികിത്സിക്കാനെത്തിയിരിക്കുന്നത്.  വ്യാഴാഴ്ച മന്ത്രി ജി. സുധാകരൻ സംഘത്തെ കുട്ടാനാട്ടിലേക്ക് യാത്രയാക്കി. ഉയർന്ന മേഖലകൾക്കുപുറമേ ക്യാമ്പുകളും ദുരിത ബാധിത പ്രദേശങ്ങളും സന്ദർശിച്ച് വൈദ്യസഹായവും ഡോക്ടർമാർ നൽകുന്നുണ്ട്.  ഡോ.ജയേഷ്‌കുമാർ പി.ഡി യുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡോ.റോയ് ഉണ്ണിത്താൻ, ഡോ.സജിത്ത് ഉമ്മൻ, ഡോ. കെ.എസ് വിഷ്ണുനമ്പൂതിരി, ഡോ.ജീവൻകുമാർ എന്നിവരാണുളളത്.
കൈനകരി, നെടുമുടി , പുളിങ്കുന്ന് എന്നിവടങ്ങളിലെ ക്യാമ്പ് സന്ദർശിച്ച് വളംകടി, കുടിവെള്ള ശുചിത്വം, വായു ശുചീകരണം എന്നിവയ്ക്കുള്ള ഔഷധ കൂട്ടുകളാണ് സംഘം  വിതരണം ചെയ്തത്. അപരാജിത ധൂമ ചൂർണം വായുവിലെ അണുക്കളെ നശിപ്പിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.  ശരീരം  ശുദ്ധീകരിക്കാൻ ത്രിഫല ചൂർണം, പനി പ്രതിരോധത്തിന് അമൃതാരിഷ്ടം, രാസ്നാദി പൊടി, വില്വാദി ഗുളിക, സുദർശനം ഗുളിക എന്നിവയും വിതരണം ചെയ്തു. പൊടി ധൂപനം അണുബാധ സാന്ദ്രത കുറയ്ക്കുമെന്ന് ഡോ.ജയേഷ്‌കുമാർ പറഞ്ഞു. വളംകടിക്ക് രസോത്തമാദി ലേപമാണ് പുരട്ടാൻ നൽകുന്നത്. വരുംദിവസങ്ങളിലും സംഘം കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കും.