വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു
സാമ്പത്തിക പ്രതിസന്ധി കാരണമാക്കി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് പട്ടിക ജാതി- വര്‍ഗ്ഗ പിന്നാക്കക്ഷേമ നിയമ സാംസ്‌കാരിക പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് കേരളത്തില്‍ വീടില്ലാത്ത ഒരാള്‍ പോലും ഉണ്ടാവില്ല. വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ആദ്യ ഗഡു വിതരണോദ്ഘാടനം ശെല്‍വം ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കുന്നതിനായി നബാര്‍ഡില്‍ നിന്ന് ഒന്‍പത് ശതമാനം പലിശക്ക് 4,500 കോടി വായ്പയെടുക്കുന്നുണ്ട്. ജിഎസ്ടി സംവിധാനമാണ് സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് .പുതിയ നികുതി സംവിധാനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുമെന്നാണ് കരുതിയത്. എന്നാല്‍ യാതൊരു മുന്നൊരുക്കവുമില്ലാതെ ചരക്ക് സേവന നികുതി നടപ്പാക്കിയതിലൂടെ കേരള സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരുന്ന നികുതി പോലും ലഭിക്കാത്ത സാഹചര്യമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടക്കാഞ്ചേരി പഞ്ചായത്ത് ലൈഫ് പദ്ധതിക്കായി തെരഞ്ഞെടുത്ത അര്‍ഹരായ 132 ഗുണഭോക്താകളില്‍ നിന്ന് എല്ലാ രേഖകളും സമര്‍പ്പിച്ച 52 പേര്‍ക്കാണ് ആദ്യ ഗഡു കൈമാറിയത്. 40,000 രൂപയാണ് ആദ്യ ഗഡുവായി നല്‍കുന്നത്. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി അധ്യക്ഷനായപരിപാടിയില്‍ വി.ഇ.ഒ ഫാജിഷ് വഹാബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വടക്കാഞ്ചേരി ഗ്രാമ പഞ്ചായത്ത് അനിത പോള്‍സണ്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്.വി സുധാദേവി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.