കാലവര്‍ഷം ശക്തി കുറയുന്നതിനൊപ്പം രോഗങ്ങള്‍ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി. ശുചിത്വമിഷന്‍, ഹരിതകേരളം എന്നീവകുപ്പുകളുടെ സഹകരണത്തോടെ ജില്ലയില്‍ ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വികസനസമിതിതിയിലാണ് ആരോഗ്യവകുപ്പിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. മഴ തുടരുകയാണെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ മലമ്പുഴ ഡാം തുറക്കും. ഒറ്റപ്പെട്ട, താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യത ഉള്ളതു കൊണ്ട് പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. പോലീസ്,പൊതുമരാമത്ത്് റോഡ്‌സ് വിഭാഗം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജലസേചനവകുപ്പ് എന്നിവര്‍ ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മഴ കുറഞ്ഞ സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യം കണകക്കിലെടുത്ത് വാര്‍ഡ്് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ കെ.പി റീത്ത അറിയിച്ചു. മഴയത്ത് നിരവധി റോഡുകള്‍ തകകര്‍ന്നിട്ടുണ്ടെങ്കിലും മഴ തുടരുന്നതുമൂലം നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയില്ല. എങ്കിലും ഉദ്യാഗസ്ഥര്‍ ഉടനടി പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കണമെന്ന് കെ.ബാബു എം.എല്‍.എ പറഞ്ഞു. ചിറ്റൂര്‍, ആലത്തൂര്‍ മേഖലകളില്‍ മഴക്കെടുതിയില്‍ വീട് തകര്‍ന്നവര്‍ക്ക് ഉടനടി സഹായം എത്തിക്കണമെന്ന എം.എല്‍.എ മാരുടെ ആവശ്യം യോഗം അംഗീകരിച്ചു. അടിയന്തരമായ നടപടി സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി. പട്ടാമ്പി താലൂക്കാശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ്,അറ്റന്റര്‍ ഗ്രേഡ് 2 തസ്തികകള്‍ ഉടന്‍ നികത്തണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അകത്തേത്തറ ആണ്ടിമഠത്ത് മഴക്കെടുതിയില്‍ തകര്‍ന്ന പുഴയുടെ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനുള്ള സാധ്യതാപഠനം നടത്താന്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
കൃഷി വകുപ്പ് നെല്‍കൃഷി വികസനത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള ഉഴവുകൂലിയിനത്തില്‍ വ്യക്തത വരുത്തണമെന്നും ജില്ലയുടെ മുഴുവന്‍ പ്രദേശങ്ങളിലും തുല്യമായി വിതരണം ചെയ്യണമെന്നും എം.എല്‍.എ മാര്‍ ആവശ്യപ്പെട്ടു. ഏഴു പഞ്ചായത്തുകളുടെ മണ്ണു സര്‍വ്വേ പൂര്‍ത്തിയാക്കിയതായി സോയില്‍ സര്‍വേ വകുപ്പ് അറിയിച്ചു.തൃശൂര്‍ മണ്ണുത്തി മണ്ണു പരിശോധന ലാബിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കി കര്‍ഷകര്‍ക്ക് സോയില്‍ കാര്‍ഡ് വിതരണം പുരോഗിക്കുകയാണെന്ന് ഉദ്യോസ്ഥര്‍ അറിയിച്ചു.കാലവര്‍ഷക്കെടുതിയില്‍ 19 കോടിയുടെ കൃഷിനാശം കണക്കാക്കിയിട്ടുണ്ടെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.സര്‍ക്കാരിന്റെ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മണ്ഡലങ്ങളിലെ പഞ്ചായത്തു തല സര്‍ക്കാര്‍ വികസന പരിപാടികളെക്കുറിച്ച് സ്ഥലം എം.എല്‍.എയെ അറിയിക്കണമെന്ന നിര്‍ദേശം പഞ്ചായത്ത് അധികൃതര്‍ പാലിക്കാറില്ലെന്ന് എം.എല്‍.എമാര്‍ ആരോപിച്ചു.പ്രോട്ടോക്കോള്‍ കൃത്യമായി അനുസരിച്ച് മാത്രം പരിപാടികള്‍ നടത്തണമെന്നും പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കി.
ജില്ലാ ആശുപത്രിയുടെ പുരുഷവാര്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ ആവശ്യപ്പെട്ടു.ജനസംഖ്യയ്ക്ക് ആനുപാതികമായി വോട്ടിങ് ബൂത്ത് ക്രമീകരണം നടത്തുമെന്ന് കലക്ടര്‍ ജനപ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. വികസന സമിതിയോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അധ്യക്ഷനായി.എം.എല്‍.എമാരായ കെ.ബാബു,മുഹമ്മദ് മുഹ്‌സിന്‍,ഷാഫി പറമ്പില്‍,വി.ടി ബലറാം, എ.ഡി.എം. ടി.വിജയന്‍,ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍,വിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.
റേഷന്‍ വിതരണം സുഗമമാക്കും
കേടായ ഇ-പോസ് മെഷീനുകള്‍ തകരാര്‍ പരിഹരിച്ചതോടെ മുഴുവന്‍ റേഷന്‍ കടകളിലും റേഷന്‍ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് ജില്ലാ സപ്‌ളൈ ഓഫീസര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാത്ത നെല്ലിയാമ്പതി, പറമ്പിക്കുളം മേഖലകളില്‍ നേരിട്ട് റേഷന്‍ വിതരണം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച ക്യാംപുകളില്‍ നിന്നും ലഭിച്ച പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ആഗസ്റ്റ് 27 മുതല്‍ തയ്യാറാക്കി തുടങ്ങും. എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ബുധനാഴ്ചകളില്‍ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു. പറമ്പിക്കുളം കമ്മ്യൂണിറ്റി ഹാളില്‍ സൂക്ഷിച്ചിരിക്കുന്ന റേഷന്‍ സാധനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി സൂക്ഷിക്കുമെന്ന് പറമ്പിക്കുളം ഡി.എഫ്.ഒ അറിയിച്ചു. സപ്ലൈകോ വഴി നടത്തിയ നെല്ല് സംഭരണത്തില്‍ ഇതുവരെ 205 കോടി വിതരണം ചെയ്തു. ബാക്കി ആറു കോടി ഉടന്‍ വിതരണം ചെയ്യും.
സിവില്‍ സ്‌റ്റേഷനില്‍ ഇ-വേസ്റ്റ ശേഖരണം ആഗസ്ത് 14ന്
സിവില്‍ സ്‌റ്റേഷനില്‍ ആഗസ്ത് 14 ന് ഇ-വേസ്റ്റ് ശേഖരിക്കുമെന്നും മുഴുവന്‍ ഓഫീസുകളും ഉപയോഗ ശൂന്യമായവ കൈമാറണമെന്നും ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ.കല്യാണ്‍കൃഷ്ണന്‍ അറിയിച്ചു.ശേഖരിക്കുന്നവ സ്വാതന്ത്ര്യദിനത്തില്‍ ക്ലീന്‍ കേരള കമ്പനിക്ക്്് കൈമാറും. 14 നകം എല്ലാ ഓഫീസുകളും സന്ദര്‍ശിച്ച് ഇ-വേസ്റ്റിന്റെ വില നിര്‍ണയിച്ചു നല്‍കാന്‍ പൊതുമരാമത്ത് ഇലക്ട്രോണിക്‌സ് വിഭാഗത്തെ ചുമതലപ്പെടുത്തി.കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഒരു ടണ്ണോളം ഇ- വേസ്്റ്റാണ് സിവില്‍ സ്‌റ്റേഷനിലെ 70 ഓഫീസുകളില്‍ നിന്നായി ലഭിച്ചത്.