ആദിവാസി വിഭാഗങ്ങളെ ഭൂമി, ഭവനം,തൊഴില്‍, ആരോഗ്യം, വിദ്യഭ്യാസരംഗത്ത് സ്വയംപര്യാപ്തമാക്കി കൊണ്ട് അവരുടെ സുസ്ഥിര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്കക്ഷേമ – നിയമ-സാംസ്‌ക്കാരിക പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. അട്ടപ്പാടിയില്‍ പട്ടികവര്‍ഗ വനിതകള്‍ക്കുള്ള നൈപുണ്യവികസനത്തിന്റയും അപ്പാരല്‍ പാര്‍ക്ക് പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യക്തിഗത ആനുകൂല്യങ്ങളും പെന്‍ഷനും കൊണ്ട് കുറെയൊക്കെ പരിഹാരം കാണാനാകും. അട്ടപ്പാടി മേഖലയില്‍ എകദേശം 1500-ഓളം വരുന്ന ഭൂമി ഇല്ലാത്തവരില്‍ 517 പേര്‍ക്ക് ഇതുവരെ ഭൂമി വിതരണം നടത്തിയിട്ടുണ്ട്. ഇതില്‍ 222 പേര്‍ക്ക് ഭൂമി വിതരണത്തിനുളള നടപടി പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി ഉടന്‍ ഭൂമി കണ്ടെത്തും. ആവശ്യമെങ്കില്‍ വില കൊടുത്തു വാങ്ങും. ‘ലൈഫ്’ പാര്‍പ്പിട പദ്ധതി പ്രകാരം അട്ടപ്പാടി മേഖലയിലെ 16000 ത്തോളം വരുന്ന സ്ഥലമുണ്ടായിട്ടും വീടില്ലാത്തവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിഗണിക്കും. പിന്നീട് സ്ഥലവും വീടുമില്ലാത്തവരെ പരിഗണിക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീടും സ്ഥലവും പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ആദിവാസി മേഖലകളിലെ ആശുപത്രികളില്‍ ആവശ്യത്തിനെ ഡോക്ടര്‍മാരേയും മരുന്നിന്റെ ലഭ്യതയും ഉറപ്പാക്കും. മേഖലയിലെ അരിവാള്‍ രോഗ ഭീഷണി മറികടക്കുക ലക്ഷ്യമിട്ട് കല്‍ക്കത്തയിലെ ഫിസിക്കല്‍ ആന്ത്രോപോളജി വിഭാഗത്തിന്റെ ഒരു ഉപശാഖ അട്ടപ്പാടിയില്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അതുവഴി രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കും. തൊഴിലവസരങ്ങള്‍ നല്‍കുന്നതില്‍ കാര്‍ഷികരംഗം വളരെ പ്രധാനപ്പെട്ടതാണ്. ആദിവാസി ഭൂമി തരിശിടാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കും. അവിടെ കൃഷിയും പരമ്പരാഗത കൃഷിയും നടപ്പാക്കും.വികസനത്തിന് വേണ്ടി തുക ചെലവാക്കുമ്പോള്‍ ദീര്‍ഘവീക്ഷണത്തോടെയായിരിക്കുമെന്നും മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പ്രത്യേകനിയമനത്തിലൂടെ തൊഴില്‍ കൊടുക്കുന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടി ക്യാംപ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി. ജന്മസിദ്ധമായ കഴിവുള്ളവരാണ് ഗോത്ര വിഭാഗക്കാര്‍ പരിപാടിയില്‍ മുഖ്യാതിഥിയായ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ഗോത്ര വിഭാഗക്കാരുടെ കലാപാരമ്പര്യം മറ്റെവിടെയും കാണാനാവില്ല. ആദിവാസി വിഭാഗക്കാരുടെ കലാവാസനകള്‍ പരിപോഷിപ്പിക്കാന്‍ പട്ടികവര്‍ഗ വകുപ്പ് നടത്തുന്ന സാംസ്‌ക്കാരിക്ക പരിപാടികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഗോത്ര വിഭാഗക്കാര്‍ക്കായി നടത്തുന്ന പല പദ്ധതികളും വിജയിപ്പിക്കാന്‍ പുതുതലമുറ മുന്നോട്ട് വരണമെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. അട്ടപ്പാടിയിലെ തൊഴില്‍ രഹിതരായ 250 വനിതകള്‍ക്ക് വിദഗ്ധ ഏജന്‍സി മുഖേന ആധുനിക രീതിയിലുളള വസ്ത്ര നിര്‍മാണത്തിലാണ് പദ്ധതിയിലൂടെ പരിശീലനം നല്‍കുക. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന്‍, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പി. പുകഴേന്തി, അഗളി, ഷോളയൂര്‍, പുതൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകന യോഗം ചേര്‍ന്നു
പരിപാടിയ്ക്ക് ശേഷം ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകന യോഗം ചേര്‍ന്നു. വനാവകാശനിയമ പ്രകാരം ഭൂമിയുടെ കൈവശാവകാശത്തിനായി സമര്‍പ്പിച്ചിട്ടുളള 2167 അപേക്ഷകളില്‍ 101 എണ്ണത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി യോഗം വിലയിരുത്തി. ബാക്കിയുളളവയുടെ നടപടിക്രമങ്ങള്‍ അഞ്ച് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസില്‍ മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകന യോഗം