മില്ലറ്റ് വില്ലേജ് പദ്ധതിക്കായി ഏറ്റവും കൂടുതല്‍ കൃഷി നടക്കുന്ന അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ദൊഡുഘട്ടി ഊരില്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ സന്ദര്‍ശനം നടത്തി. കര്‍ഷകരെയും കൃഷിയിടങ്ങളും സന്ദര്‍ശിച്ച മന്ത്രി കാട്ടാന ശല്യം നിയന്ത്രിക്കാന്‍ പഞ്ചായത്ത് മുന്നോട്ട് വെച്ച പദ്ധതിയിലെ സര്‍ക്കാര്‍തല തടസങ്ങള്‍ നീക്കാന്‍ ഇടപെടുമെന്ന് ഉറപ്പ് നല്‍കി. നല്ലരീതിയില്‍ നടക്കുന്ന കൃഷിക്ക് വന്യമൃഗശല്യം തടസമാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രശ്നപരിഹാരത്തിന് കൃഷിവകുപ്പ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പരിഹാരം കാണുന്നകാര്യവും പരിഗണിക്കുമെന്നും പറഞ്ഞു. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ വകുപ്പ് ഏറ്റെടുക്കും. ന്യായവില ലഭ്യമാക്കി മാര്‍ക്കറ്റില്‍ വിറ്റ് ലാഭം കര്‍ഷകന് നല്‍കും. ഇതിനുവേണ്ടി കര്‍ഷക പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിക്കും. ആ കമ്പനിയുടെ നേതൃത്വത്തില്‍ അട്ടപ്പാടി മില്ലറ്റ് വില്ലേജ് ബ്രാന്‍ഡിലാണ് വിപണനം നടത്തുക. എട്ടുതരം വിളകളാണ് കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നത്. ഇവയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി വിപണനം നടത്തും. പൂര്‍ണമായും ആദിവാസികള്‍ക്ക് മാത്രമായ പദ്ധതിയാണിത്. ഇതിലെ ലാഭവും അവര്‍ക്ക് നല്‍കും. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന വിളകള്‍ക്ക് വിലകൊടുക്കാനുള്ള റിവോള്‍വിങ് ഫണ്ട് കൃഷിവകുപ്പിനുണ്ട്. ഹോര്‍ട്ടികോര്‍പ്, കൃഷിവകുപ്പ് തുടങ്ങിയവര്‍ നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മില്ലറ്റ് വില്ലേജ് ഉത്പന്നങ്ങള്‍ ലഭ്യമാക്കും. ഇത് കൂടാതെ വന്‍കിട വ്യാപാര മാളുകളിലും ഇവര്‍ക്ക് ഉത്പന്നം വില്‍ക്കാനുളള സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ്. കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ സ്വയം സംസ്‌കരിച്ചെടുക്കുന്നതിനുളള പരിശീലനം നല്‍കും. ഇവര്‍ക്ക് കൃഷിവകുപ്പ് സ്ഥലം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരീരേശന്‍, ജില്ലാ പഞ്ചായത്ത് അംഗം രാധാകൃഷ്ണന്‍, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്റ്ററും മില്ലറ്റ് വില്ലേജ് പദ്ധതി സ്പെഷല്‍ ഓഫീസറുമായ ജി സുരേഷ്, ഐടിഡിപി പ്രോജക്ട് ഓഫീസര്‍ കെ കൃഷ്ണപ്രകാശ്, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്റ്റര്‍ ഡോ. പി പുകഴേന്തി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.