കൊച്ചി: നവോത്ഥാന മൂല്യങ്ങളുടെ ദീപ്തി സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ ഗ്രന്ഥശാലകൾ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പുരസ്കാര വിതരണം പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചെറുതും വലുതുമായ രണ്ടായിരത്തിലധികം ഗ്രന്ഥശാലകൾക്ക് ജീവശ്വാസമേകുന്നത് ഗ്രന്ഥശാല പ്രവർത്തകരുടെ സേവനമാണ്. ഇരുട്ടിൽ കൊളുത്തി വെച്ച വിളക്കായ ഗ്രന്ഥശാലകൾ പ്രസരിപ്പിക്കുന്ന വെളിച്ചത്തിലൂടെ തലമുറകൾ വിജ്ഞാനത്തിന്റെ ഔന്നത്യത്തിലേക്ക് നടന്നു പോയിട്ടുണ്ട്. വിജ്ഞാന പ്രസരണത്തിലുപരിയായി പൊതുപ്രവർത്തകരുടെയും കലാസാംസ്കാരിക പ്രവർത്തകരുടെയും ഒത്തുചേരലിനുള്ള പൊതു ഇടം എന്ന നിലയിലാണ് ഗ്രന്ഥശാലകളുടെ പ്രസക്തി. ദേശീയ സ്വാതന്ത്ര്യ സമര സേനാനികൾ ഗ്രന്ഥശാലകളുടെ മുറ്റത്തു നിന്നാണ് പ്രവർത്തനമാരംഭിച്ചത്. സാഹിത്യത്തിലും രാഷ്ട്രീയത്തിലും വലിയ സംഭാവന നൽകിയവർ, രാജ്യ സേവനത്തിനായി സ്വജീവിതം സമർപ്പിച്ച ത്യാഗ ധനരായ ജനനേതാക്കൾ ഇവരുടെയെല്ലാം സ്മരണകളിരമ്പുന്ന സ്ഥാപനങ്ങൾ തടിയാണ് ഗ്രന്ഥശാലകൾ. ജാതി എന്നത് നരകത്തിൽ നിന്നു പൊന്തിയ ശബ്ദമാണെന്ന വള്ളത്തോൾ കവിതയും മുഖ്യമന്ത്രി ഓർമ്മിച്ചു. എല്ലാ നന്മകളെയും ഭസ്മീകരിക്കുന്നതാണ് ജാതി പിശാച്. ജാതി വൈകൃതങ്ങൾ സാമൂഹ്യ ജീവിതത്തെ മലിനമാക്കും. നാം ആർജിച്ച നേട്ടങ്ങളെ അത് ഇല്ലാതാക്കുന്നു. ഇതിനെതിരേ ജാഗ്രത വേണം. ജാതിയും മതവും വഴി തെറ്റി സഞ്ചരിച്ചാൽ വികസനത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും വഴിയായിരിക്കും അടയുന്നത്. ഈ ആശയാവബോധം ജനങ്ങളിൽ ശക്തമായി ഉണർത്തേണ്ട കാലമാണിത്. ഈ ദൗത്യം ഗ്രന്ഥശാലകൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇ എം എസ് പുരസ്കാരം പുക്കാട്ടുപടി വള്ളത്തോൾ സ്മാരക ഗ്രന്ഥശാലയ്ക്കും മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ. പണിക്കർ പുരസ്കാരം സി.നാരായണനും സമ്മാനിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി.ദാസ് പുരസ്കാരം എൻ.വി.പി. ഉണ്ണിത്തിരിക്കും മികച്ച സാഹിത്യകൃതിക്കുള്ള പുരസ്കാരം വൈശാഖ നും ഏറ്റുവാങ്ങി. ഗ്രാമീണ മേഖലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്കുള്ള ഡി.സി. പുരസ്കാരം കൊട്ടാരക്കര സന്മാർഗദായിനി സ്മാരക വായനശാലയ്ക്ക് നൽകി. എൻ.ഇ. ബാലറാം പുരസ്കാരം കോട്ടയം പാദുവ ബി.എസ്.സ് നെഹ്റു മെമ്മോറിയൽ ലൈബ്രറിയും പി.രവീന്ദ്രൻ പുരസ്കാരം പാലക്കാട് ജില്ല പബ്ലിക് ലൈബ്രറിയും സമാധാനം പരമേശ്വരൻ പുരസ്കാരം പാലക്കാട് പള്ളം സ്മാരക വായനശാലയും സി.ജി. ശാന്തകുമാർ പുരസ്കാരം കാസർഗോഡ് തൃക്കരിപ്പൂർ നവോദയ വായനശാലയും ഏറ്റുവാങ്ങി. പുരസ്കാര വിതരണത്തോടനുബന്ധിച്ച് വായനയുടെ സാംസ്കാരിക രാഷ്ട്രീയം എന്ന വിഷയത്തിൽ സെമിനാർ നടന്നു. ഡോ.എം.എ. സിദ്ദിഖ് വിഷയം അവതരിപ്പിച്ചു. ലൈബ്രറി കൗൺസിൽ അംഗം പി.കെ. സോമൻ അധ്യക്ഷത വഹിച്ചു. പുരസ്കാര സമർപ്പണ സമ്മേളനത്തിൽ അഡ്വ. വി.പി. സജീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി.അപ്പുക്കുട്ടൻ, ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞികൃഷ്ണൻ, പുരസ്കാര സമിതി കൺവീനർ കിഴാറ്റൂർ അനിയൻ, ജോൺ ഫെർണാണ്ടസ് എം എൽ എ, ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ, ഗ്രന്ഥാലോകം എഡിറ്റർ എസ്. രമേശൻ, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.ആർ. രഘു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് സാജു പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് ടീച്ചർ, ജില്ല പഞ്ചായത്തംഗം ജോളി ബേബി, വള്ളത്തോൾ സ്മാരക വായനശാല പ്രസിഡന്റ് ജേക്കബ് സി.മാത്യു , ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.