* ടൂറിസം ഉൽപ്പന്നമെന്ന നിലയിൽ ഓണാഘോഷത്തെ മാറ്റുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

* ഓഗസ്റ്റ് 24 മുതൽ 30 വരെ വിവിധ വേദികളിൽ വ്യത്യസ്ഥങ്ങളായ പരിപാടികൾ

ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ എത്ര മനോഹരമായിരിക്കും എന്നതിന്റെ സൂചനയാണ് ഓണാഘോഷ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  പാളയത്തെ ടൂറിസം ആസ്ഥാനത്ത് ഈ വർഷത്തെ ഓണാഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  തിരുവനന്തപുരത്ത് നടക്കുന്ന ആഘോഷ പരിപാടികൾ കേരളത്തിന്റെ ആകെ ആഘോഷമാക്കുമെന്നും ടൂറിസം ഉൽപ്പന്നമെന്ന നിലയിൽ ഓണാഘോഷത്തെ മാറ്റിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ടൂറിസം ആസ്ഥാനത്തെ വിശാലമായ കോൺഫറൻസ് ഹാളാണ് ഓണാഘോഷ കമ്മിറ്റി ഓഫീസാക്കി മാറ്റിയിരിക്കുന്നത്.  ആഘോഷകമ്മിറ്റി വൈസ് ചെയർമാൻ സി. ദിവാകരൻ എം.എൽ.എ ഘോഷയാത്രാ കമ്മിറ്റി ചെയർമാൻ ഡി.കെ. മുരളി എം.എൽ.എ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ബി. സത്യൻ എം.എൽ.എ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഐ.ബി. സതീഷ് എം.എൽ.എ, ദീപാലാങ്കാര കമ്മിറ്റി ചെയർമാൻ സി.കെ. ഹരീന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മുൻ നഗരസഭാ മേയർ ജെ. ചന്ദ്രിക, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർ പ്രമോദ് പയ്യന്നൂർ, ഗായകൻ കല്ലറ ഗോപൻ, ജി.എസ്. പ്രദീപ്, വിനോദസഞ്ചാര വകുപ്പിലെ ഉദ്യോഗസ്ഥർ  തുടങ്ങിയവരും പങ്കെടുത്തു.