കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഉദ്ഘാടന ചടങ്ങിലെത്തുന്നവരുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവും. ആറിന് രാവിലെ 11ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രതേ്യക ക്ഷണിതാക്കളുടെയും വി.ഐ.പികളുടെയും വാഹനങ്ങള്‍ ആളെ ഇറക്കിയശേഷം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുമുതല്‍ നിയമസഭാ മ്യൂസിയം വരെയുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. മീഡിയാ വാഹനങ്ങള്‍ സ്റ്റേഡിയം ഗേറ്റ് വഴി പ്രവേശിച്ച് ഫയര്‍ സ്റ്റേഷന്‍ മുതല്‍ താഴെ ബയോപാര്‍ക്ക് വരെ പാര്‍ക്ക് ചെയ്യണം. മറ്റു വാഹനങ്ങള്‍ സ്പീക്കര്‍ ഗേറ്റു വഴി അകത്തു പ്രവേശിച്ച് ലൈബ്രറി ഗേറ്റിനു സമീപം ആളെ ഇറക്കി തിരികെ ബ്രിഗേഡ് ഗേറ്റുവഴി പുറത്തിറങ്ങി മ്യൂസിയം, കനകക്കുന്ന്, എല്‍.എം.എസ് കോമ്പൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. ചടങ്ങിനെത്തുന്ന പ്രതേ്യക ക്ഷണിതാക്കള്‍ രാവിലെ 10.30ന് മുമ്പ് ഹാളിലെത്തണം. ബാഗ്, കുട, മൊബൈല്‍ ഫോണ്‍, ക്യാമറ എന്നിവ കൊണ്ടുവരാന്‍ പാടില്ല. ചടങ്ങ് കഴിഞ്ഞ് രാഷ്ട്രപതി നിയമസഭാ സമുച്ചയത്തിന് പുറത്ത്‌പോയതിന് ശേഷം മാത്രമേ സന്ദര്‍ശകരെ പുറത്തേക്ക് പോകാന്‍ അനുവദിക്കു. ആറിന് ചടങ്ങ് അവസാനിക്കുന്നതുവരെ പൊതുജനങ്ങള്‍ക്ക് നിയമസഭാ സമുച്ചയത്തിലും  നിയമസഭാ മ്യൂസിയത്തിലും പ്രവേശനം ഉണ്ടാവില്ല.