ആറന്മുള ഉതൃട്ടാതി മത്സര വള്ളംകളിയില്‍ പാരമ്പര്യ തുഴച്ചില്‍ രീതി, വേഷവിധാനം, വഞ്ചിപ്പാട്ട്, ചമയം, അച്ചടക്കം എന്നിവയാണ് മാനദണ്ഡമെന്ന് പള്ളിയോട സേവാസംഘം അറിയിച്ചു. വിപുലമായ ജഡ്ജിംഗ് പാനല്‍ ഈ മാനദണ്ഡങ്ങള്‍ വിലയിരുത്തി നല്‍കുന്ന പോയിന്റിന്റെ അടിസ്ഥാനത്തില്‍ വിജയിയെ തിരഞ്ഞെടുക്കും.   ഒരേപോലെ തുഴഞ്ഞെത്തുന്ന പള്ളിയോടങ്ങളുടെ ഗ്രൂപ്പുകള്‍ക്കും സമ്മാനങ്ങള്‍ ലഭിക്കുന്നത് അഞ്ച് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. റേസ് കമ്മിറ്റി നിര്‍ദേശിക്കുന്ന വഞ്ചിപ്പാട്ട് പാടി പാട്ടിന്റെ താളത്തില്‍ തുഴയുന്നവര്‍ക്കും പോയിന്റുകള്‍ ലഭിക്കും.
പത്തനംതിട്ട ജില്ലയില്‍ ഇടക്കുളം മുതല്‍ ആലപ്പുഴ ജില്ലയില്‍ ചെന്നിത്തല വരെയുള്ള 52 പള്ളിയോട കരകളില്‍ നിന്ന് എത്തുന്ന തുഴച്ചില്‍ക്കാര്‍ പാരമ്പര്യത്തനിമയോടെ ജലത്തിലെ പൂരം ഒരുക്കാനുള്ള തയാറെടുപ്പിലാണ്. തൃശൂര്‍ പൂരത്തില്‍ ആനകളെന്നപോലെ ഉതൃട്ടാതി ജലോല്‍സവത്തില്‍ അമരപ്പൊക്കത്തിന്റെ കോലളവിന്റെ അടിസ്ഥാനത്തില്‍ ഓരോ കരകളും പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചറിയിക്കുന്ന മത്സരത്തിനുള്ള ഒരുക്കത്തിലാണ്. ഓഗസ്റ്റ് 29 ന് ഉച്ചക്ക് 1.30 ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ജലോല്‍സവം ഉദ്ഘാടനം ചെയ്യും. കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യ അതിഥിയായിരിക്കും.
പാരമ്പര്യ ശൈലിയില്‍ ഉത്രട്ടാതി ജലമേള നടത്തുന്നതിന്റെ ഭാഗമായി ചേരുന്ന ക്യാപ്ടന്മാരുടെ മേഖലാ യോഗങ്ങള്‍ ഇന്ന് സമാപിക്കും. മധ്യമേഖലയിലെ ക്യാപ്ടന്മാരുടെ യോഗം പള്ളിയോട സേവാസംഘം കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് അഞ്ചിന്  നടക്കും. ഇന്നലെ വൈകിട്ട് നടന്ന കിഴക്കന്‍ മേഖലയിലെ ക്യാപ്ടന്മാരുടെ യോഗം കുറിയന്നൂര്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി കൃഷ്ണകുമാര്‍ കൃഷ്ണവേണി ഉദ്ഘാടനം ചെയ്തു.  സെക്രട്ടറി പി ആര്‍ രാധാകൃഷ്ണന്‍, ട്രഷറര്‍ സഞ്ജീവ് കുമാര്‍,  റേസ് കമ്മിറ്റി കണ്‍വീനര്‍ മുരളി ജി പിള്ള ശ്രീപാദം,  മേഖലാ കണ്‍വീനര്‍ അമ്പോറ്റി കോഴഞ്ചേരി എന്നിവര്‍  കിഴക്കന്‍ മേഖലാ യോഗത്തില്‍ പ്രസംഗിച്ചു. ഉതൃട്ടാതി ജലമേളയുടെ മത്സര വള്ളംകളിയുടെ പുതുക്കിയ മാനദണ്ഡം സംബന്ധിച്ച വിഷയങ്ങളും പാരമ്പര്യത്തനിമയിലുള്ള തുഴച്ചില്‍ രീതികളും യോഗത്തില്‍ വിവരിക്കുന്നുണ്ട്.  റേസ് കമ്മിറ്റിയുടെ കണ്‍വീനര്‍ മുരളി ജി പിള്ളയ്ക്ക് പുറമേ ജോയിന്റ്് കണ്‍വീനറായി പ്രദീപ് അയിരൂര്‍,  കിഴക്കന്‍ മേഖല കണ്‍വീനറായി അമ്പോറ്റി, കോഴഞ്ചേരി മധ്യ മേഖല കണ്‍വീനറായി ശശി കണ്ണങ്കേരി, പടിഞ്ഞാറന്‍ മേഖല കണ്‍വീനറായി അജി ആര്‍ നായര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.