കേരളത്തിന്റെ ജലപാതാ വികസനം സമയബന്ധിതമായി നടപ്പാക്കുന്നതിന് രൂപീകരിച്ച കേരളാ വാട്ടർവേയ്‌സ് ആന്റ് ഇൻഫ്രാസ്ട്രക്‌ച്ചേഴ്‌സ് ലിമിറ്റഡിൽ കേന്ദ്ര സർക്കാരിന്റെ ഇൻലാന്റ് വാട്ടർവേയ്‌സ് ഓഫ് ഇന്ത്യക്കു കൂടി ഓഹരി പങ്കാളിത്തം അനുവദിച്ച് ഓഹരിഘടനയിൽ മാറ്റം വരുത്താൻ തീരുമാനിച്ചു.

ഓണം വാരാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. വാരാഘോഷവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 24 മുതൽ 30 വരെ തിരുവനന്തപുരം മുതൽ കവടിയാർ വരെയുളള പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിക്കാനും തീരുമാനിച്ചു.

കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2017-18 വർഷത്തെ ബോണസ് നൽകുന്നത് സംബന്ധിച്ച മാർഗ്ഗനിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിൽ രണ്ടു സീനിയർ റസിഡന്റുമാരുടെ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

കൊച്ചിയിലെ ബ്രഹ്മപുരത്ത് വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കുന്നതിന് 3.44 ഏക്ര ഭൂമി കൂടി ജി.ജെ എക്കോ പവർ ലിമിറ്റഡിന് കൈമാറുന്നതിന് കൊച്ചി കോർപ്പറേഷന് അനുമതി നൽകാൻ തീരുമാനിച്ചു.

ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിലെ ജീവനക്കാരുടെ നേരിട്ടുളള നിയമനം പി.എസ്.സി. മുഖേന നടത്താൻ തീരുമാനിച്ചു.

സ്വകാര്യ സംരംഭകർക്ക് അനുവദിച്ച അഞ്ച് ജലവൈദ്യുത പദ്ധതികളുടെ അനുമതി റദ്ദാക്കണമെന്ന എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ശുപാർശ അംഗീകരിച്ചു. കഴുത്തുരത്തി (കൊല്ലം), കൊക്കമുള്ള് (കണ്ണൂർ), ഉരുംബിനി (പത്തനംതിട്ട), കുതിരച്ചാട്ടം (കാസർകോട്), മാലോത്തി (കാസർകോട്) എന്നീ പദ്ധതികളുടെ (2 മെഗാവാട്ട് വീതം) അനുമതിയാണ് റദ്ദാക്കുന്നത്.

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തുന്ന ദേവേന്ദ്രകുമാർ സിംഗിനെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോത്പാദന കമ്മീഷണറുമായി നിയമിക്കാൻ തീരുമാനിച്ചു.