കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് വിവിധ നദീ-പുഴകരയിലെത്തുന്നവര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. പൊലീസും അഗ്നിശമനസേനയും സുരക്ഷയൊരുക്കുന്ന ഇടങ്ങളില്‍ മാത്രമേ ബലിതര്‍പ്പണം നടത്താവൂവെന്നും കലക്ടര്‍ കര്‍ശനമായി നിര്‍ദേശിച്ചു. കൂടാതെ, ബലിദര്‍പ്പണത്തിന് മറ്റ് സജ്ജീകരണങ്ങളും സുരക്ഷയ്ക്കാവശ്യമായ ക്രമീകരണങ്ങളും ബന്ധപ്പെട്ട ക്ഷേത്രകമ്മിറ്റിക്കാര്‍ ഏര്‍പ്പാടാക്കണമെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡാമുകളിലെയും പുഴകളിലെയും ജലത്തിന്റെ തോത് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ അപകടസാധ്യത മുന്‍നിര്‍ത്തി ഒരു കാരണവശാലും പുഴയില്‍ ഇറങ്ങരുത്. പടവുകളിലും പുഴകളിലുമെത്തുന്ന ജനങ്ങള്‍ സ്വയം നിയന്ത്രിച്ച് പൊലിസിന്റെയും രക്ഷാപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങളുമായി സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
കല്‍പ്പാത്തി പുഴയില്‍ കുണ്ടമ്പലം, പയ്യല്ലൂര്‍ കാച്ചാന്‍കുറിശ്ശി അമ്പലക്കുളം, തൃപല്ലൂര്‍ പുല്ലോട് ശിവ ക്ഷേത്രം(ഗായത്രി പുഴ), തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം(ഭാരതപ്പുഴ), യാക്കര ക്ഷേത്രം, ഷൊര്‍ണ്ണൂര്‍ ശാന്തിതീരം, തൂതപ്പുഴ (ചെര്‍പ്പുളശ്ശേരി), ചെര്‍പ്പുളശ്ശേരി കാരല്‍മണ്ണ, ഗുരുവായൂരപ്പന്‍ ക്ഷേത്രം, പട്ടാമ്പി കൊടുമുണ്ട ശിവക്ഷേത്രം, തൃത്താല വെള്ളിയാങ്കല്ല് പുഴതീരം, കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രം, ഐവര്‍മഠം കടവ് (പാമ്പാടി), ഒറ്റപ്പാലം കടവ്, പോത്തുണ്ടി ശിവക്ഷേത്രം, കോട്ടായി പാലപൊറ്റ അഞ്ചുമൂര്‍ത്തി ക്ഷേത്രം, മങ്കര കാളിക്കാവ്, കരിമ്പുഴ, കുന്തിപ്പുഴ, അട്ടപ്പാടി ചെമ്മണ്ണൂര്‍ (മണ്ണാര്‍ക്കാട്) എന്നിവടങ്ങളിലാണ് പൊലിസും അഗ്നിരക്ഷാ സേനയും വിന്യസിച്ചിരിക്കുന്നത്.