ഓണം-ബക്രീദ് പ്രമാണിച്ച് കൃഷി വകുപ്പ് 2000 നാടന്‍ പഴം പച്ചക്കറി വിപണികള്‍ തുറക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഗസ്റ്റ് 20 മുതല്‍ 24 വരെ അഞ്ച് ദിവസം നിളുന്ന ചിന്തകളാണ്  ഒരുക്കുന്നത്.
കൃഷി വകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, കുടുംബശ്രീ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിപണികള്‍. കൃഷിഭവനുകള്‍ നേരിട്ട് സംഘടിപ്പിക്കുന്ന 1350 ഉം ഹോര്‍ട്ടികോര്‍പ്പിന്റെ 450 ഉം വി.എഫ്.പി.സി.കെയുടെ 200 ഉം വിപണികളുണ്ടാവും.
എല്ലാ ജില്ലയിലും കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി പ്രദേശങ്ങളില്‍ മെഗാസ്റ്റാളുകളും ഇതോടൊപ്പമുണ്ടാവും. ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയ്ക്കായിരിക്കും  ജില്ലാതല വിപണികളുടെ ചുമതല.
ഓരോ ജില്ലയിലും സംഘടിപ്പിക്കുന്ന ഓണചന്തകള്‍ക്കാവശ്യമായ പഴം, പച്ചക്കറി ഉത്പന്നങ്ങള്‍ അതതു ജില്ലകളിലെ കര്‍ഷകരില്‍ നിന്നും സംഭരിക്കും. മഴക്കെടുതികാരണം കനത്ത നാശനഷ്ടമുണ്ടെങ്കിലും ഉത്പാദനം അധികമുള്ള ഇടുക്കി, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ ഉത്പന്നങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുവരും. വട്ടവട-കാന്തല്ലൂര്‍ ഭാഗത്തു നിന്നു 5000 ടണ്‍ ശീതകാല പച്ചക്കറികള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. സംസ്ഥാനത്ത് ഉത്പാദനമില്ലാത്തതും ഉത്പാദനത്തേക്കാള്‍ അധികം ആവശ്യമുള്ളതുമായ ഉത്പന്നങ്ങള്‍ മറ്റു സംസ്ഥാനത്തെ കര്‍ഷകഗ്രൂപ്പുകളില്‍ നിന്നും സംഭരിച്ച് വിപണിയിലെത്തിക്കും.
കര്‍ഷകരില്‍ നിന്നും നിലവിലെ സംഭരണവിലയെക്കാള്‍ 10ശതമാനം അധിക വില നല്‍കിയായിരിക്കും ഉത്പന്നങ്ങള്‍ സംഭരിക്കുന്നത്. വിപണി വിലയേക്കാള്‍ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. നല്ല കൃഷി മുറ സമ്പ്രദായത്തിലൂടെ കൃഷി ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ തയ്യാറാക്കിയിട്ടുള്ള സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ 20 ശതമാനം അധികവിലയ്ക്ക് സംഭരിച്ച് 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. കേരളാ ഓര്‍ഗാനിക് ബ്രാന്‍ഡ് ലേബലിലുള്ള ഉത്പന്നങ്ങള്‍ പ്രത്യേക പായ്ക്കിംഗില്‍ ആയിരിക്കും വില്പന.
മാര്‍ക്കറ്റ് വില എല്ലാ വിപണിയിലും എത്തിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കുന്നതിന് ജിയോ ടാഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.