ആഗസ്റ്റ് 12 മുതല്‍16 വരെ മലപ്പുറം എടപ്പാള്‍ സഫാരി ഗ്രൗണ്ടില്‍ കൃഷി വകുപ്പി
ന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല കര്‍ഷകദിനാഘോഷം നടത്തും.  16ന് ഉച്ചയ്ക്ക് 1.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും. കര്‍ഷക അവാര്‍ഡ് ദാനവും മുഖ്യമന്ത്രി  നിര്‍വഹിക്കും.  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ കര്‍ഷക ദിന സന്ദേശം നല്‍കും. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ്, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ കര്‍ഷകരെ ആദരിക്കും.  പരിപാടിയുടെ ഭാഗമായി കാര്‍ഷിക അനുബന്ധ സ്ഥാപനങ്ങളുടെ പ്രദര്‍ശനങ്ങള്‍, കാര്‍ഷിക സെമിനാറുകള്‍, കര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക ക്വിസ് മത്സരങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, പ്രതിഭാ സംഗമം, കലാ സംഗമം, കുടുംബശ്രീ ഫുഡ് കോര്‍ട്ട്, ഘോഷയാത്ര തുടങ്ങി വിവിധ പരിപാടികള്‍ നടത്തും.
12ന് രാവിലെ കര്‍ഷക ദിനാഘോഷത്തിന്റെ പതാക ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഉര്‍ത്തും. കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ എന്നിവര്‍ സംബന്ധിക്കും. വൈകുന്നേരം നാലിന് തദ്ദേശസ്വയംഭരണ വകുപ്പ്  മന്ത്രി ഡോ. ജലീലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കാര്‍ഷിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.  ഈ വര്‍ഷത്തെ കര്‍ഷക അവാര്‍ഡിന്റെ ശില്പം രൂപകല്പന ചെയ്തത് കാനായി കുഞ്ഞിരാമനാണ്.