വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നത് നമ്മുടെ സഹോദരങ്ങളാണെന്നും, അവരുടെ ബുദ്ധിമുട്ട് മനസിലാക്കി ആശ്വാസമേകാന്‍ നമുക്ക് കഴിയണമെന്നും ജലവിഭവവകുപ്പ് മന്ത്രി മാത്യു.ടി.തോമസ് പറഞ്ഞു. കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒരു തുടക്കം മാത്രമാണെന്നും, ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് പൂര്‍ണ സഹായം എത്തിക്കുവാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരിതബാധി തര്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടുമാത്രം ഇവരുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയണമെന്നില്ല. അടിയന്തരമായി ആവശ്യമുള്ള പല കാര്യങ്ങളിലും സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും സഹായംകൂടി ആവശ്യമാണ്. ജില്ലയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സവിശേഷമായ ഒരു സാഹചര്യമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. ഇത് നേരിടാന്‍ നാമെല്ലാവരും ഒറ്റക്കെട്ടായി പ്രവ ര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.