സമാനതകളില്ലാത്ത കാലവര്‍ഷക്കെടുതിയെ നേരിടുന്നതിന് സംസ്ഥാനത്ത് ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കളക്ടറേറ്റില്‍  നടത്തിയ ദുരന്ത നിവാരണ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി ആദ്യഘട്ടത്തില്‍ 100 കോടി അനുവദിച്ചത് സ്വാഗതാര്‍ഹമാണ്.  കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. 1220 കോടി രൂപയാണ് അടിയന്തിര സഹായമായി ആവശ്യപ്പെട്ടത്. 8316 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയത്. കേന്ദ്ര സംഘത്തെ വീണ്ടും അയക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 228 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക് വിശദമായ  നാശനഷ്ടം കണക്കാക്കി വരികയാണ്. കണ്ണപ്പന്‍ കുണ്ടിലും കരിഞ്ചോലലമലയിലും ഉള്‍പ്പെടെ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയും നല്‍കും. ദുരന്തമേഖലയില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും മാറേണ്ടി വന്ന കുടുംബങ്ങള്‍ക്ക് 3500 രൂപാ വീതം നല്‍കും. ദുരിതബാധിതരെ സഹായിക്കാന്‍ എല്ലാ വിഭാഗം ആളുകളും പങ്കാളികളാകണമെന്ന് മന്ത്രി പറഞ്ഞു. കാലവര്‍ഷത്തില്‍ ഇതുവരെ കോഴിക്കോട് ജില്ലയില്‍ 92 വീടുകള്‍ പൂര്‍ണമായും 2577 വീടുകള്‍ ഭാഗികമായും തകര്‍ന്നതായും മന്ത്രി അറിയിച്ചു.
ജില്ലയില്‍ ഏഴ് മേഖലകളായി ഡപ്യൂട്ടി കലക്ടര്‍ റാങ്കിലുള്ളവരുടെ നേത്യത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനം ഏറെ ഗുണകരമാണ്. എല്ലാ വിഷയങ്ങളിലും തൃപ്തികരമായ ഇടപ്പെടല്‍ നടത്തി പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പരമാവധി സഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ യു വി ജോസ് സബ് കലക്ടര്‍ വി.വിഘ്‌നേശ്വരി, അസി. കലക്ടര്‍ കെ.എസ്.അഞ്ജു, എ.ഡി.എം  ടി.ജനില്‍കുമാര്‍, വടകര ആര്‍.ഡിഒ വി പി.അബ്ദുള്‍ റഹ്മാന്‍, ഡപ്യൂട്ടി കലക്ടര്‍മാരായ റോഷ്‌നി നാരായണന്‍, സജീവ് ദാമോദര്‍, ഷാമില്‍ സെബാസ്റ്റ്യന്‍, കെ.ഹിമ, ദുരന്തനിവാരണ വിഭാഗം ഡപ്യുട്ടി കലക്ടര്‍ എന്‍.റംല വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു