സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ കോട്ടമൈതാനത്തു ആരംഭിച്ച ജില്ലാതല ഓണം-ബക്രീദ് ഫെയര്‍ 2018 ന്റെ ഉദ്ഘാടനം പട്ടികജാതി-പട്ടിക വര്‍ഗ-നിയമ-സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. 3300 പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയും 200 കണ്‍സ്യൂമര്‍ ഫെഡുകള്‍ വഴിയും 176 കോടിയുടെ നിത്യോപയോഗ സാധനങ്ങള്‍ 5,95,000 കുടുംബങ്ങള്‍ക്ക് ഈ ഓണ കാലത്തു ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. പാവപ്പെട്ട 1,59,000 കുടുംബങ്ങള്‍ക്ക് ഈ ഓണകാലത്തു സൗജന്യമായി ഓണകിറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.ഓഗസ്റ്റ് 24വരെയാണ് കോട്ടമൈതാനത്ത് ഓണം-ബക്രീദ് മേള നടക്കുക. ഉദ്ഘാടന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ ആദ്യവില്പന നിര്‍വഹിച്ചു. വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.അജിത്കുമാര്‍ , സപ്ലൈകോ റീജിയണല്‍ മാനേജര്‍ പി.ദാക്ഷായണികുട്ടി ,സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍ കെ. പദ്മജ തുടങ്ങിയവര്‍ പങ്കെടുത്തു.