എഴുപത്തൊന്നാമത് സ്വാതന്ത്രദിനത്തില്‍ പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന ജില്ലാതല പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പരേഡില്‍ സല്യൂട്ട് സ്വീകരിക്കും. എ.ആര്‍ പൊലിസ്, കെ.എ.പി, ലോക്കല്‍ പൊലിസ്, എക്സൈസ് സ്റ്റാഫ്, ഹോം ഗാര്‍ഡ്സ്, വാളയാര്‍ ഫോറസ്റ്റ് സ്‌കൂള്‍ ട്രെയിനീസ്, എന്‍.സി.സി, സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ പൊലീസ്, വാളയാര്‍ ഫോറസ്റ്റ സ്‌കൂളിലെ വനിതാ കാഡറ്റുമാര്‍ എന്നിവര്‍ പരേഡില്‍ പങ്കെടുക്കും. പരേഡ് നടക്കുമ്പോള്‍ കോട്ടമൈതാനത്ത് പൂര്‍ണ സജ്ജമായ മെഡിക്കല്‍ ടീമും എല്ലാ സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സും സജ്ജമാക്കിയിട്ടുണ്ട്. പൂര്‍ണമായും പ്ലാസ്റ്റിക്ക് ഒഴിവാക്കിയാണ് പരിപാടികള്‍ നടത്തുക. ഏകദേശം 600 പേര്‍ക്കിരിക്കാവുന്ന പന്തലാണ് ക്രമീകരിച്ചിരിക്കുന്നത്. സ്വാതന്ത്ര ദിനത്തില്‍ അങ്കണവാടികളടക്കം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താന്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം നിര്‍ദേശം നല്‍കിയിരുന്നു. പൊലീസ്, അഗ്‌നിശമനസേന എന്നിവര്‍ അടിയന്തര സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും. പരിപാടിയില്‍ ജില്ലാകലക്ടര്‍ ഡി. ബാലമുരളി, ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ തുടങ്ങിയവര്‍ പങ്കെടുക്കും.